40 വർഷം പിന്നിട്ടിട്ടും റോഡ് ടാറിംഗ് ചെയ്യാൻ നടപടിയില്ല

Sunday 29 September 2024 12:41 AM IST

സുൽത്താൻ ബത്തേരി: റോഡ് മെറ്റൽ ചെയ്ത് നാല് പതിറ്റാണ്ടാകാറായിട്ടും ടാറിംഗ് ചെയ്യാൻ നടപടിയില്ല. പൊട്ടിപ്പൊളിഞ്ഞും ചെളി നിറഞ്ഞതുമായറോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിത മാത്രമാണ് വിതക്കുന്നത്. നൂൽപ്പുഴ പഞ്ചായത്തിലെ കല്ലൂർ 67 ലെ മേലെ പണപ്പാടിവഴി കാളിച്ചിറയിലേക്ക് പോകുന്ന മെറ്റൽ പതിച്ച റോഡാണ് തകർന്ന് കിടക്കുന്നത്. 1985 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥലം സന്ദർശിക്കുമെന്നറിയിച്ചതിനെ തുടർന്ന് തിടുക്കപ്പെട്ടാണ്‌ റോഡ് നിർമ്മിച്ച് മെറ്റൽ നിരത്തിയത്. തുടർന്ന് 39 വർഷം ആയിട്ടും റോഡിൽ മറ്റൊരു വിധ പ്രവർത്തികളും നടത്തിയിട്ടില്ല. വനാതിർത്തിയിലൂടെ കടന്നുപോകുന്ന ഈറോഡ് ഇപ്പോൾ തകർന്നു ചെളി നിറഞ്ഞു കിടക്കുകയാണ്. ഇതുവഴിയാണ് പ്രദേശങ്ങളിലെ ഊരാളി കാട്ടുനായ്ക്ക കുറുമ ഊരുകളിൽ നിന്നുള്ളവരും മറ്റുള്ളവരും യാത്ര ചെയ്യുന്നത്. കാൽനടയാത്രപോലും ദുസ്സഹമായ ഇതുവഴി വാഹനങ്ങൾ കടന്നുപോകാനും ഏറെ ബുദ്ധിമുട്ടുകയാണ്. പലതവണ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടി ഒന്നുമായിട്ടില്ല. വനാതിർത്തിയിലൂടെയാണ് പാത കടന്നുപോകുന്നത് എന്നതിനാൽ വനവകുപ്പിന്റെ അനുമതിയും നവീകരണത്തിന് ആവശ്യമാണ്. അമ്പതോളം കുടുംബങ്ങൾ പുറംലോകത്തെത്താൻ ആശ്രയിക്കുന്ന റോഡ് എത്രയും പെട്ടെന്ന് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Advertisement
Advertisement