ദുരന്തമായി മാറിയ യാത്ര, ഒടുവിൽ ക്യാപ്റ്റനെ ഭക്ഷിച്ച് നാവികർ !  വെളിപ്പെടുത്തി ഗവേഷകർ

Sunday 29 September 2024 7:42 AM IST

ഒട്ടാവ: 180 ഓളം വർഷങ്ങൾക്ക് മുമ്പ് വടക്ക് പടിഞ്ഞാറൻ കനേഡിയൻ ആർട്ടിക് മേഖലയിലേക്ക് പര്യവേക്ഷണത്തിനായി ഇറങ്ങിത്തിരിച്ച രണ്ട് ബ്രിട്ടീഷ് കപ്പലുകളുടെ ദുരന്തയാത്രയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

ആർട്ടിക് പര്യവേക്ഷണത്തിനായി ബ്രിട്ടീഷ് നാവികൻ സർ ജോൺ ഫ്രാങ്ക്ലിന്റെ നേതൃത്വത്തിൽ 1845 മേയിൽ ഇംഗ്ലണ്ടിൽ നിന്ന് എച്ച്.എം.എസ് എറിബസ്, എച്ച്.എം.എസ് ടെറർ എന്നീ രണ്ട് കപ്പലുകളിലായാണ് പര്യവേക്ഷണ സംഘം പുറപ്പെട്ടത്.

സംഘത്തിലുണ്ടായിരുന്ന 129 പേരും മരിച്ചു. 1846 സെപ്റ്റംബറിൽ ഇവരുടെ കപ്പലുകൾ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കൊടുംതണുപ്പിൽ കിംഗ് വില്യം ഐലന്റിന് സമീപത്ത് വച്ച് കൂറ്റൻ മഞ്ഞ് പാളികൾക്കുള്ളിൽ കുടുങ്ങുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന കുറച്ചുപേർ കപ്പലിനുള്ളിൽ വച്ച് മരിച്ചെന്നാണ് കരുതുന്നത്. കപ്പലിലുണ്ടായിരുന്ന ഭക്ഷണ പദാർത്ഥങ്ങളും മറ്റും കഴിച്ച് അതിജീവിച്ച 105 പേർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവർക്ക് എന്ത് സംഭവിച്ചു എന്നത് അജ്ഞാതമായിരുന്നു.

മരിച്ചനാവികരിൽ ചിലരുടെ മൃതദേഹാവശിഷ്ടങ്ങൾ 2013ൽ കാനഡയുടെ വടക്കേ അറ്റത്തുള്ള നുനാവറ്റിലെ കിംഗ് വില്യം ഐലന്റിൽ നിന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതൽ കാലം ജീവിച്ച നാവികർ,​ മരിച്ച തങ്ങളുടെ സഹപ്രവർത്തകരുടെ ശരീരം ഭക്ഷിക്കാൻ നിർബന്ധിതരായെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഗവേഷകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. എറിബസിന്റെ ക്യാപ്റ്റൻ ജെയിംസ് ഫിറ്റ്സ്ജെയിംസിന്റെ ശരീരം ഇത്തരത്തിൽ ഭക്ഷിക്കപ്പെട്ടത്രെ.

കിംഗ് വില്യം ഐലന്റിൽ നിന്ന് ലഭിച്ച അസ്ഥികളിലും പല്ലുകളിലും നിന്നാണ് ഈ നിഗമനത്തിലെത്തിയത്. 13 പേരുടെ 451 അസ്ഥികൾ ഒറ്റ പ്രദേശത്ത് നിന്ന് കണ്ടെത്തി. കാനഡയിലെ യൂണിവേഴ്സിറ്റി ഒഫ് വാട്ടർലൂ,​ ലേക്ക്‌ഹെഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഡി.എൻ.എ ഗവേഷകർ ഈ അസ്ഥികൾ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ്.

ഫ്രാങ്ക്ലിന്റെ സംഘത്തിലുണ്ടായിരുന്ന നാവികരുടെ തലമുറയിൽപ്പെട്ടവരുടെ ഡി.എൻ.എ സാമ്പിളുകൾ ഗവേഷകർ ശേഖരിച്ചിരുന്നു. ഇതിലൂടെ ജെയിംസിന്റെ മൃതദേഹാവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞു. ഫ്രാങ്ക്ലിന്റെ സംഘത്തിലെ മുതിർന്ന അംഗങ്ങളിൽ ഒരാളായിരുന്നു ക്യാപ്റ്റൻ ജെയിംസ്. ഫ്രാങ്ക്ലിന്റെ മരണശേഷമാണ് ജെയിംസ് മരിച്ചത്. ജെയിംസിന്റെ താടിയെല്ലുകളിലെ അടക്കം പൊട്ടലുകളും മറ്റും അദ്ദേഹത്തിന്റെ മൃതദേഹം ഭക്ഷിക്കാൻ ശ്രമം നടന്നു എന്നതിന്റെ തെളിവാണെന്ന് ഗവേഷകർ പറയുന്നു.

ജെയിംസിനെ കൂടാതെ എറിബസിലെ ഓഫീസറായിരുന്ന ജോൺ ഗ്രിഗറിയുടെ മൃതദേഹാവശിഷ്ടങ്ങളും ഗവേഷകർ തിരിച്ചറിഞ്ഞിരുന്നു. 2021ലായിരുന്നു ഇത്. ഡി.എൻ.എ പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ സംഘത്തിലെ ആദ്യ അംഗവും ഗ്രിഗറിയാണ്. 2014ലാണ് എറിബസിനെ കണ്ടെത്തിയത്. 2016ൽ ടെററിനെയും കണ്ടെത്തി.

Advertisement
Advertisement