ടൊവിനോയുടെ അവതാരപ്പിറവി കൽക്കി-മൂവി റിവ്യൂ

Thursday 08 August 2019 3:42 PM IST

ശക്തമായ പൊലീസ് കഥാപാത്രങ്ങൾക്ക് മലയാള സിനിമയിൽ പഞ്ഞമില്ല. നമ്മുടെ സൂപ്പർ താരങ്ങളെ വളർത്തിയതിൽ തീപ്പൊരി പൊലീസ് കഥാപാത്രങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അത്തരമൊരു സിനിമയൊരുക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ചേരുവകളൊക്കെ തെലുംഗ്-തമിഴ് സിനിമകളിലെ സൂപ്പർതാര ചിത്രങ്ങളോട് സാമ്യമുള്ളവയാണ്.

നഞ്ചങ്കോട്ട എന്ന ഗ്രാമത്തിൽ തമിഴ് വംശജകർക്ക് പ്രത്യേക സ്ഥാനമുണ്ട്. കേരളത്തിലാണെങ്കിലും വലിയൊരു തമിഴ് സമൂഹത്തിന്റെ ജന്മനാടാണ് ഇവിടം. എന്നാൽ ഒരു പാർട്ടി ഈ സമൂഹത്തിന് മൊത്തമായി ഊരുവിലക്ക് കൽപിക്കുന്നിടത്താണ് ചിത്രത്തിന്റെ കഥ തുടങ്ങുന്നത്. ഡി.വൈ.പി എന്ന പാർട്ടിയുടെ നേതൃത്വത്തിൽ അരാജകത്വം അരങ്ങ് വാഴുകയാണ് ഇവിടെ. പാർട്ടിയുടെ അമരക്കാരനായ അമർ എന്ന വ്യക്തിയ്ക്ക് എതിരെ ശബ്ദമുയർ‌ത്താൻ ആർക്കും ധൈര്യമില്ല. ഉയർന്ന ശബ്ദങ്ങളൊക്കെ അയാൾ അടിച്ചമർത്തിയിട്ടുണ്ട്. പാർട്ടിയും അമറും നടത്തുന്ന അരുംകൊലകൾ തട്ടി ചോദിക്കാൻ ഒരു സംവിധാനവും ഇല്ല. പൊലീസിന് പോലും ഇവിടെ അധികാരം ഇല്ല. പുരാണങ്ങളിൽ കലിയുഗത്തിൽ നടക്കുമെന്ന് പറയുന്ന അരക്ഷിതാവസ്തയ്ക്ക് ഉത്തമ ഉദാഹരണമായി കഴിഞ്ഞ നഞ്ചങ്കോട്ടയിലേക്ക് അവതാരപ്പിറവി പോലെ വരുന്ന പൊലീസുകാരനാണ് കൽക്കി. ഇന്നേവരെ നാഥനില്ലാതെ കിടന്ന ഇവിടേക്ക് അയാളുടെ നേതൃത്തിൽ ദുഷ്ടകഥാപാത്രങ്ങൾ ഒരോന്നായി തച്ചുടയ്ക്കപ്പെടുന്നു. കൽക്കിയുടെ കഥാപാത്രത്തിന്റെ രംഗപ്രവേശം തൊട്ട് സിനിമയുടെ അവസാനം വരെ സംഘട്ടനങ്ങളുടെ പഞ്ച് ഡയലോഗുകളുടെയും ഘോഷയാത്രയാണ്. അമാനുഷികനായ നായകന്മാരുടെ സിനിമകളിൽ സ്ഥിരം പ്രതീക്ഷിയ്ക്കാവുന്നതൊക്കെ തന്നെയാണ് ഈ ചിത്രത്തിലുമുള്ളത്. അതിശക്തനായ വില്ലന്റെ അനുയായികളിൽ ഒരോന്നായി നായകൻ തന്റെ രീതിക്ക് നശിപ്പിക്കുമ്പോൾ കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പ്രവചിക്കാവുന്നതേയുള്ളു.

നഞ്ചങ്കോട്ടയിലെ രാഷ്ട്രീയത്തിൽ പേര് മാറ്റിയ രാഷ്ട്രീയ പാർട്ടികളാണെങ്കിലും അതിൽ പറയുന്ന രാഷ്ട്രീയവും രീതികളും വാർത്തകളിൽ നിന്ന് നമുക്ക് കേട്ടറിവുള്ളവയാണ്. ശക്തമായ ഒരു കഥയുടെ അടിസ്ഥാനമില്ലാത്ത 'കൽക്കി'യിൽ ഹീറോയിസത്തിന്റെ അതിപ്രസരമാണ്.

മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള യുവനടൻ ഒരുപക്ഷെ ടൊവിനോയായിരിക്കും. കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹം നായകനായ നിരവധി സിനിമകളാണ് വെള്ളിത്തിരയിലെത്തിയത്. ഏറെയും പ്രേക്ഷക പ്രശംസ നേടിയവ. കൽക്കിയിലും മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റെത്. നായകന്റെ സാന്നിദ്ധ്യം തന്നെയാണ് ചിത്രത്തിന്റെ നെടുംതുൺ. പഞ്ച് ഡയലോഗായാലും സംഘട്ടനമായാലും ടൊവിനോ തകർത്തു എന്ന് തീർത്തും പറയാം. നായികാകഥാപാത്രമില്ലാത്ത ചിത്രത്തിൽ സംയുക്ത മേനോൻ അവതരിപ്പിക്കുന്നത് നെഗറ്റീവ് സ്പർശമുള്ള കഥാപാത്രമാണ്. ശിവജിത്ത് പദ്മനാഭൻ അവതരിപ്പിക്കുന്ന അമർ എന്ന് കഥാപാത്രമാണ് കൽക്കിയുടെ പ്രധാന എതിരാളി. സൈജു കുറുപ്പ്,​ സുദീഷ്,​ കെ.പി.എ.സി ലളിത,​ അപർണ നായർ,​ വിനി വിശ്വ ലാൽ,​ ഹരീഷ് ഉത്തമൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ജേക്സ് ബിജോയ് തൊട്ടതെല്ലാം പൊന്നാക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. കൽക്കി തീം സോംഗ് പ്രൊമോ വീഡിയോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തെ അഭിനന്ദിക്കാതെ വയ്യ. ചിത്രത്തിന് മാസ് ഫീൽ നൽകുന്നതിൽ സംഗീതത്തിന് വലിയൊരു പങ്കുണ്ട്. ഗൗതം ശങ്കറിന്റെ ഛായാഗ്രാഹണവും മികച്ചതാണ്.

തന്റെ ആദ്യ സിനിമയിലൂടെ നവാഗത സംവിധായകൻ പ്രവീൺ പ്രഭാറാം തയ്യാറാക്കിയിരിക്കുന്നത് യുവാക്കളെ ലക്ഷ്യമാക്കി ഒരു മാസ് സിനിമയാണ്. എന്നാൽ ഇന്നേവരെ നമ്മൾ കണ്ട് പരിചയിച്ചതിൽ നിന്ന് വ്യത്യസ്തമായി 'കൽക്കി'യിൽ ഒന്നുമില്ല. എങ്കിലും അമാനുഷിക നായകന്മാരുടെ സിനിമകൾ ഇഷ്ടമുള്ളവർക്ക് ടൊവിനോയുടെ ഈ അവതാരപ്പിറവി ഒരു തവണ കണ്ടിരിക്കാവുന്നതാണ്.

വാൽക്കഷണം: വെട്ട് ഒന്ന്,​ മുറി രണ്ട്

റേറ്റിംഗ്: 2.5/5