'എന്നായാലും ഒരിക്കല്‍ ഞാന്‍ മാറി നില്‍ക്കേണ്ടി വരും, ആ ഒരു മാറ്റം ജീവിതത്തില്‍ ഉണ്ടാകും'

Monday 30 September 2024 8:25 PM IST

ലയാള സിനിമയില്‍ പ്രേക്ഷകരുടെ പ്രിയ നായികമാരില്‍ ഒരാളാണ് കാവ്യ മാധവന്‍ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബാലതാരമായി എത്തി നായികാ വേഷങ്ങളില്‍ തിളങ്ങിയ താരത്തിന് നിരവധി ആരാധകരുമുണ്ട്. നടന്‍ ദിലീപിനെ വിവാഹം കഴിച്ചതിന് ശേഷം സിനിമാ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. മകള്‍ക്കും കുടുംബത്തിനുമൊപ്പമാണ് ഇപ്പോള്‍ കാവ്യയുള്ളത്. ലക്ഷ്യയുടെ മോഡലായി പ്രത്യക്ഷപ്പെടാറുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്.

താരം മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്ത് നല്‍കിയതായിരുന്നു ഈ അഭിമുഖം. സിനിമാ മേഖലയിലെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കയുണ്ടോയെന്നതായിരുന്നു താരം നേരിട്ട ചോദ്യം.

'എന്നായാലും ഞാന്‍ ഒരിക്കല്‍ മാറി നില്‍ക്കേണ്ടിവരും. ഒരു മാറ്റം എപ്പോഴും ജീവിതത്തില്‍ ആവശ്യമാണ്. ഞാന്‍ വഴിമാറി നില്‍ക്കേണ്ട ഒരു അവസ്ഥ വരും മലയാള സിനിമയില്‍. കുറച്ചുനാള്‍ കൂടെ കഴിഞ്ഞാല്‍ ഞാന്‍ ഉണ്ടാകുമോ എന്ന് പറയുമ്പോള്‍ ചിലരൊക്കെ എന്നോട് പറയും, കാവ്യ ഒരിക്കലും അങ്ങനെ പറയാന്‍ പാടില്ല എന്ന്, കാവ്യ ഒരു കലാകാരിയാണ്, ഇത്രയും വര്‍ഷമായിട്ട് മലയാള സിനിമയില്‍ നായികയായിട്ട് നില്‍ക്കുന്ന ഒരു കുട്ടി നാളെ ഞാന്‍ അഭിനയം നിര്‍ത്തിയാല്‍ എന്നുള്ളത് ചിന്തിക്കാനേ പാടില്ല അത് തെറ്റാണ്, ഒരു കലാകാരി അവരോട് തന്നെ ചെയ്യുന്ന വലിയ തെറ്റാണെന്ന് പലരും പറയും.

അപ്പോള്‍ ഞാന്‍ ചിന്തിക്കും അത് കുഴപ്പമായോ.. ഞാന്‍ അങ്ങനെ പറയാന്‍ പാടില്ലേ എന്ന്. എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്.. പക്ഷേ അത് എന്താ പറയുക പ്രകൃതിയുടെതായ ഒരു കാര്യമാണ് മാറ്റം എന്നുള്ളത്.', കാവ്യ മാധവന്‍ പറഞ്ഞു.

ബാലതാരമായി എത്തിയ കാവ്യ മാധവന്‍ 2016ല്‍ ദിലീപിനൊപ്പം പിന്നേയും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.