അസാമിലെ ബുൾഡോസർ പ്രയോഗം തടഞ്ഞ് സുപ്രീംകോടതി
Tuesday 01 October 2024 12:51 AM IST
ന്യൂഡൽഹി : അനധികൃത നിർമ്മാണമെന്ന് ആരോപിച്ച് വീടുകൾ പൊളിക്കാൻ നീക്കമെന്ന അസാം സോനാപൂരിലെ 48 കുടുംബങ്ങളുടെ കോടതിയ ലക്ഷ്യ ഹർജിയിൽ തത്‌സ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്. ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് അസാം സർക്കാരിനടക്കം നോട്ടീസിനും നിർദ്ദേശിച്ചു. മൂന്നാഴ്ചയ്‌ക്കകം മറുപടി സമർപ്പിക്കണം.
ഗോത്ര വിഭാഗങ്ങൾക്കായി നോട്ടിഫൈ ചെയ്‌ത ഭൂമിയിൽ അനധികൃത താമസമെന്ന് ആരോപിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്. എന്നാൽ 1920 മുതൽ അവിടെ കഴിയുകയാണെന്നും തങ്ങളെ കേൾക്കാതെയാണ് നടപടികളെന്നും ഹർജിക്കാർ പറയുന്നു.
ഇന്നു വരെ രാജ്യത്തൊരിടത്തും ബുൾഡോസർ പ്രയോഗം വേണ്ടെന്ന് സെപ്‌തംബർ 17ന് കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. പൊളിക്കണമെങ്കിൽ മുൻകൂർ അനുമതി നേടണം. അസാമിലെ നീക്കങ്ങൾ സുപ്രീംകോടതി വിധിയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.