ആക്രി കച്ചവടക്കാരന്‍ വാങ്ങിയത് രണ്ട് പുത്തന്‍ ഐഫോണുകള്‍, ചെലവാക്കിയത് 2.35 ലക്ഷം

Monday 30 September 2024 9:00 PM IST

ന്യൂഡല്‍ഹി: ആപ്പിള്‍ കമ്പനിയുടെ പുതിയ മോഡല്‍ വിപണിയില്‍ എത്തിയാല്‍ അത് വലിയ വാര്‍ത്തയാണ്. അധികം വൈകാതെ ഫോണ്‍ സ്വന്തമാക്കുന്നവര്‍ക്ക് മറ്റുള്ളവരുടെ മുന്നില്‍ ഒരു ഹീറോ പരിവേഷവും ലഭിക്കും. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16 പുറത്തിറക്കിയിട്ട് ദിവസങ്ങള്‍ മാത്രമാണ് പിന്നിട്ടിരിക്കുന്നത്. ഫോണിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇനിയും പങ്കുവച്ചു തീര്‍ന്നിട്ടില്ല ടെക് ലോകം. അതിനിടെ രണ്ടര ലക്ഷ് രൂപയ്ക്കടുത്ത് മുടക്കി രണ്ട് ഐഫോണുകള്‍ വാങ്ങിയ ഒരു ആക്രി കച്ചവടക്കാരനാണ് ഇപ്പോള്‍ ഇന്ത്യയിലെ താരം.

ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുന്ന ഇയാളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാണ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ മകന് സമ്മാനിക്കുന്നതിനും ഒപ്പം തനിക്ക് ഉപയോഗിക്കുന്നതിനുമാണ് ആക്രി കച്ചവടം നടത്തുന്ന മനുഷ്യന്‍ പുതിയ രണ്ട് ഫോണുകള്‍ വാങ്ങിയത്. 85,000 രൂപ വില വരുന്ന ഒരു ഐഫോണും ഒന്നര ലക്ഷം രൂപ വില വരുന്ന ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 16ഉം ആണ് ഇയാള്‍ വാങ്ങിയത്. തന്റെ മകന് പുതിയ മോഡല്‍ കൈമാറിയ ഇദ്ദേഹം 85,000 രൂപയുടെ മോഡല്‍ സ്വന്തം ആവശ്യത്തിനായി എടുക്കുകയും ചെയ്തു.

ഫോണുകള്‍ വാങ്ങിയ വിവരം പങ്കുവയ്ക്കുന്ന വീഡിയോയില്‍ തന്റെ ആക്രി കച്ചവടത്തേക്കുറിച്ചും പരീക്ഷയിലെ വിജയത്തിലൂടെ മകന്‍ സ്വന്തമാക്കിയ നേട്ടത്തെക്കുറിച്ചും വളരെ അഭിമാനത്തോടെയാണ് ഇയാള്‍ സംസാരിക്കുന്നത്. ജീവിതത്തില്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചാണ് എല്ലാം സ്വന്തമാക്കുന്നതെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. നിരവധിപേരാണ് അദ്ദേഹത്തിന്റെ ജീവിത വിജയത്തേയും ഒപ്പം പരീക്ഷയില്‍ മകന്‍ കരസ്ഥമാക്കിയ ഉന്നത വിജയത്തേയും അഭിനന്ദിച്ച് രംഗത്ത് വരുന്നത്.