അക്ഷരമ്യൂസിയത്തിൽ കാരൂർപ്രതിമ
കോട്ടയം: എഴുത്തുകാരുടെ ലോകത്തിലെ ആദ്യ സഹകരണസംഘമായ സാഹിത്യപ്രവർത്തക സഹകരണസംഘം സ്ഥാപകനായിരുന്ന പ്രശസ്ത എഴുത്തുകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ അർദ്ധകായ പ്രതിമ നാട്ടകം അക്ഷരമ്യൂസിയം വളപ്പിൽ സ്ഥാപിച്ചു.
ശില്പി ശ്രീകുമാരൻ ഉണ്ണികൃഷ്ണന്റെ അങ്കമാലിയിലെ സ്റ്റുഡിയോയിൽ പ്രൊഫ. എം.കെ.സാനു , എസ്.പി.സി.എസ് പ്രസിഡന്റ് പി.കെ ഹരികുമാർ എന്നിവർ ചേർന്നു പ്രതിമ ഏറ്റുവാങ്ങി. തുടർന്നു ഏറ്റുമാനൂരിൽ കാരൂരിന്റെ മകൾ സരസ്വതിയമ്മ താമസിക്കുന്ന വീട്ടിലെത്തിച്ചു. നാട്ടകത്തെ അക്ഷര മ്യൂസിയത്തിലെത്തിച്ച പ്രതിമ സഹകരണ മന്ത്രി വി.എൻ.വാസവനും കാരൂരിന്റെ കുടുംബാംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി .
ഉദ്ഘാടനം 19ന്
15000 ചതുരശ്ര അടിയിൽ നാട്ടകം ഇന്ത്യാ പ്രസ് വളപ്പിൽ നിർമ്മിക്കുന്ന മ്യൂസിയത്തിന്റെ ആദ്യ ഘട്ട ഉദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്വാഗതസംഘ രൂപീകരണയോഗം ഇന്ന് 4ന് നാട്ടകത്ത് നടക്കും. മന്ത്രി വി.എൻ.വാസവൻ, എസ്.പി.സി.എസ് പ്രസിഡന്റ് പി.കെ.ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും. . നാലു ഘട്ടങ്ങളിലായി പൂർത്തിയാകുന്ന മ്യൂസിയത്തിൽ ലോകത്തിലെ ആറായിരത്തോളം ഭാഷകളുടെ വിവരങ്ങൾ അവതരിപ്പിക്കുന്ന ലോക ഭാഷകളുടെ പ്രദർശനമാണ് പ്രധാനമായുള്ളത്. ഫോളോ ഗ്രാം പ്രൊജക്ഷനോടെയുള്ള ആധുനിക തീയറ്ററും പ്രത്യേകതയാണ്.