ലഡു വിവാദത്തിൽ സുപ്രീംകോടതി, വിശ്വാസം വേറെ രാഷ്ട്രീയം വേറെ

Tuesday 01 October 2024 11:57 PM IST

 നായിഡുവിനെ കുടഞ്ഞു

ന്യൂഡൽഹി: തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിർമ്മാണം മൃഗക്കൊഴുപ്പ് ചേർത്തെന്ന വിവാദത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് രാഷ്ട്രീയ ലക്ഷ്യമെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. വിശ്വാസത്തിൽ രാഷ്ട്രീയം കലർത്തുന്നത് ഉചിതമല്ലെന്ന മുന്നറിയിപ്പും നൽകി.

ആരോപണത്തിന് ഇതുവരെ വ്യക്തമായ തെളിവില്ല. എന്നിട്ടും, രാഷ്ട്രീയ എതിരാളി വൈ.എസ്. ജഗൻമോഹൻ റെഡ്‌ഡിയുടെ മുൻസർക്കാർ മായംകലർന്ന നെയ്യ് ഉപയോഗിച്ചെന്ന് പരസ്യപ്രസ്‌താവന നടത്തിയതാണ് കോടതിയെ പ്രകോപിപ്പിച്ചത്. സംസ്ഥാനം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം രാഷ്ട്രീയ പ്രതികരണങ്ങൾ അനാവശ്യമാണ്. വിശ്വാസികളുടെ വികാരത്തെ ബാധിക്കുന്ന പ്രസ്‌താവനകൾ നടത്തണമായിരുന്നോ ? ലഡുവുണ്ടാക്കാൻ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ‌് ഉപയോഗിച്ചതായി മുഖ്യമന്ത്രിയുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടോ ? പ്രഥമദൃഷ്‌ട്യാ ഒരു തെളിവും കാണുന്നില്ല. വിവാദ ലഡു പരിശോധനയ്‌ക്ക് അയച്ചോയെന്നും കോടതി ആരാഞ്ഞു. ഒക്ടോബർ മൂന്നിന് വിഷയം വീണ്ടും പരിഗണിക്കും.

വിവാദം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി ഉൾപ്പെടെ സമർപ്പിച്ച ഹർജികളാണ് പരിഗണിക്കുന്നത്. റിട്ട. സുപ്രീംകോടതി അല്ലെങ്കിൽ ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.

അന്വേഷണത്തെ

സ്വാധീനിക്കും

 ദൈവങ്ങളെയെങ്കിലും രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നി‌റുത്തണമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു

 ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ നടത്തുന്ന പരാമർശങ്ങൾ പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ പ്രതിഫലനമുണ്ടാക്കാൻ സാദ്ധ്യത

 പ്രത്യേക അന്വേഷണസംഘം തുടരണോ, അതോ വേറെ ഏജൻസിക്ക് കൈമാറണോ എന്നതിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിലപാടറിയിക്കണം

 ക്ഷേത്രം അധികൃതർ മുഖ്യമന്ത്രിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു. ഉപയോഗിക്കാതെ മാറ്റിവച്ച നെയ്യാണ് ലാബിൽ പരിശോധിച്ചതെന്നാണ് അറിയിച്ചത്