വെർച്വൽ അറസ്റ്റ്: വീട്ടമ്മയ്ക്ക് നഷ്ടമായത് 1.86 കോടി
കാഞ്ഞിരപ്പള്ളി: വെർച്വൽ അറസ്റ്റ് ചെയ്ത് കബളിപ്പിച്ച് വീട്ടമ്മയുടെ 1.86 കോടി രൂപ സൈബർ സംഘം തട്ടിയെടുത്തു. ഈ മാസം ഒന്നിനായിരുന്നു സംഭവം. ഫോണിലേക്ക് സി.ബി.ഐ ഓഫീസിൽ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് വീട്ടമ്മയുടെ പേരും, കുടുംബവിവരങ്ങളും പറയുകയും തുടർന്ന് വാട്‌സാപ്പിൽ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു. സി.ബി.ഐ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി യൂണിഫോമിലുള്ള ഒരാൾ വീട്ടമ്മയോട് ഇവരുടെ ബാങ്ക് ഡീറ്റെയിൽസിനെ കുറിച്ച് പറയുകയും മുംബൈയിലുള്ള ബാങ്കിന്റെ വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയതായും പറഞ്ഞു. വ്യാജമായി നിർമ്മിച്ച കോടതിയുടെ അറസ്റ്റ് വാറന്റുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിൽനിന്നും ഒഴിവാകണമെങ്കിൽ പണം തരണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് വീട്ടമ്മ പലതവണകളായി ഇവർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽകുകയായിരുന്നു. പണം കൈമാറിയതിനുശേഷം ഇവരെ ബന്ധപ്പെടാൻ കഴിയാതിരുന്നപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. കാഞ്ഞിപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.