അച്ഛന് വേണ്ടി വോട്ട് പിടിച്ചതിന്റെ വിരോധം: സിനിമയുടെ ഷൂട്ടിങ് വൈകിപ്പിക്കുന്നുവെന്ന് പരാതിയുമായി ഗോകുൽ

Thursday 08 August 2019 5:52 PM IST

നടനും ബി.ജെ.പി നേതാവുമായ തന്റെ അച്ഛന് വേണ്ടി വോട്ട് പിടിക്കാൻ പോയതിന് സിനിമാപ്രവർത്തകർ തന്നോട് വിരോധം തീർക്കുന്നതായി മകൻ ഗോകുൽ സുരേഷ്. താൻ അഭിനയിക്കുന്ന 'സായാഹ്‌ന വാർത്തകൾ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നിർമാതാക്കൾ മനപ്പൂർവം വൈകിക്കുന്നു എന്നാണ് ഗോകുൽ പരാതി പറയുന്നത്. ടൈംസ് ഒഫ് ഇന്ത്യ പാത്രവുമായി നടത്തിയ അഭിമുഖത്തിലാണ് ഗോകുൽ ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

തന്റെ അച്ഛന് വേണ്ടി താൻ പ്രചാരണം നടത്തിയിരുന്നു എന്നും ഒരു മകനെന്ന നിലയിൽ നിലയിൽ അതിൽ കുറഞ്ഞതൊന്നും തനിക്ക് ചെയ്യാൻ ആകില്ലെന്നും ഗോകുൽ പറയുന്നു. എന്നാൽ ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് ചിത്രത്തിന്റെ നിർമാതാക്കൾ തന്നോട് പ്രതികാരം ചെയ്യുകയാണെന്നാണ് ഗോകുൽ ആരോപിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കഥാപാത്രത്തിന്റെ ലുക്കിന്റെ പൂർണതയ്ക്ക് വേണ്ടി താൻ വേറൊരു ചിത്രത്തിലും കമിറ്റ് ചെയ്തില്ലെന്നും എന്നാൽ നിർമ്മാതാക്കൾ ഈ ചിത്രത്തിന്റെ ജോലികൾ പാതി വഴിയിൽ നിർത്തി അവരുടെ മറ്റ് ചിത്രങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണെന്നും ഗോകുൽ പറയുന്നു.

തനിക്കെതിരെ ഉള്ള നീക്കങ്ങൾ വളരെ ശ്രദ്ധയോടെ നിർമ്മാതാക്കൾ നടപ്പാക്കുകയാണെന്നും ഗോകുൽ പറഞ്ഞു. തന്റെ ബി.ജെ.പി ബന്ധം കാരണമാണ് നിർമാതാക്കൾ തന്നെ ലക്‌ഷ്യം വയ്ക്കുന്നത്. സിനിമ രാഷ്ട്രീയ ആക്ഷേപ ചിത്രമായിട്ടും, ബി.ജെ.പിയെയും കളിയാക്കുന്നതായിട്ടും പ്രൊഫഷണൽ മനസ്ഥിതിയോടെ താൻ ചിത്രം ഏറ്റെടുത്തു. പക്ഷെ തന്നെ അപകീർത്തിപ്പെടുത്താനാണ് നിർമാതാക്കൾ ശ്രമിക്കുന്നത്. ഷൂട്ടിങ്ങുമായി സഹകരിക്കുന്നില്ല എന്നും താൻ പ്രൊഫഷണൽ അല്ല എന്നും അവർ പറയുന്നു.ഗോകുൽ വിശദീകരിച്ചു.

എന്നാൽ ഗോകുലിന്റെ ആരോപണങ്ങൾ നിർമാതാക്കളിൽ ഒരാളായ മെഹ്ഫൂസ് തള്ളിയിട്ടുണ്ട്. ഗോകുലിനോട് തങ്ങൾക്ക് വിരോധമൊന്നുമില്ലെന്നും മറ്റ് ചില കാരണങ്ങൾ കാരണമാണ് ഷൂട്ടിങ് മുടങ്ങിയതെന്നും മെഹ്ഫൂസ് പറയുന്നു. ഷൂട്ടിങ് ഉടൻ തന്നെ പുനരാരംഭിക്കുമെന്നും മെഹ്ഫൂസ് പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലാണ് സുരേഷ് ഗോപി മത്സരിച്ചത്. സുരേഷ് ഗോപിയോടൊപ്പം പ്രചരണം നടത്താൻ ഭാര്യ രാധികയും മകൻ ഗോകുൽ സുരേഷും ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പരാജയപ്പെടുകയായിരുന്നു.