ഖാർഗെയുടെ പരാമർശം അപമാനകരം: അമിത് ഷാ

Tuesday 01 October 2024 2:12 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ മരിക്കില്ലെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗം അരോചകവും അപമാനകരവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഖാർഗെ വ്യക്തിപരമായ ആരോഗ്യ കാര്യങ്ങളിലേക്ക് പ്രധാനമന്ത്രി മോദിയെ വലിച്ചിഴച്ചു. കോൺഗ്രസുകാർക്ക് പ്രധാനമന്ത്രിയോട് എത്രമാത്രം വെറുപ്പും ഭയവുമുണ്ടെന്ന് വ്യക്തം. ഖാർഗെയുടെ ആരോഗ്യത്തിനായി മോദി പ്രാർത്ഥിക്കുന്നുണ്ട്. ഖാർഗെ വർഷങ്ങളോളം ആരോഗ്യത്തോടെ ജീവിക്കട്ടെ. 2047ൽ വികസിത ഭാരതം സൃഷ്ടിക്കുന്നത് കാണാൻ ഭാഗ്യമുണ്ടാകട്ടെയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.