മാർബർഗ് വൈറസ് : റുവാണ്ടയിൽ 8 മരണം

Tuesday 01 October 2024 5:34 AM IST

കിഗാലി : കിഴക്കേ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ മാർബർഗ് രോഗ ബാധയെ തുടർന്ന് 8 പേർ മരിച്ചു. വെള്ളിയാഴ്ചയാണ് രാജ്യത്ത് വൈറസ് വ്യാപനം സ്ഥിരീകരിച്ചത്. ഇതുവരെ 26 കേസുകൾ കണ്ടെത്തി. രോഗ ലക്ഷണങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും സമ്പർക്കം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രി സബിൻ എൻസാൻസിമാന പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ വന്ന 300 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ചിലരെ ഐസൊലേഷനിലേക്ക് മാറ്റി. രാജ്യത്തെ 30 ജില്ലകളിലെ ആറെണ്ണത്തിലായി വൈറസ് വ്യാപനം സംശയിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും റുവാണ്ടൻ അധികൃതർക്ക് വേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. അതിനിടെ ആറ് മങ്കിപോക്സ് കേസുകളും റുവാണ്ടയിൽ സ്ഥിരീകരിച്ചു.

 അപകടകാരി

 എബോളയ്ക്ക് സമാനമായി പഴംതീനി വവ്വാലുകൾ വൈറസ് വാഹകർ

 വവ്വാലുകളിൽ നിന്നോ വൈറസ് ബാധിച്ച മറ്റ് മൃഗങ്ങളിൽ നിന്നോ മനുഷ്യരിലേക്ക് പടരുന്നു

 1967ൽ ജർമ്മനിയിലെ മാർബർഗ് നഗരത്തിൽ ആദ്യമായി തിരിച്ചറിഞ്ഞു

 മാർബർഗിലെ ഒരു ലബോറട്ടറിയിലേക്കെത്തിച്ച ആഫ്രിക്കൻ കുരങ്ങുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയായിരുന്നു

 88 ശതമാനം വരെ മരണനിരക്ക്

 മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരും

 ചികിത്സയോ വാക്സിനോ ഇല്ല

 ലക്ഷണങ്ങൾ - കടുത്ത പനി, തലവേദന, ഛർദ്ദി, ശരീരവേദന, മസ്തിഷ്‌കജ്വരം, രക്തസ്രാവം

 ടാൻസാനിയ, ഇക്വറ്റോറിയൽ ഗിനി, അംഗോള, ഡി.ആർ. കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഘാന എന്നിവിടങ്ങളിലും മുമ്പ് രോഗവ്യാപനം