പത്തു ദിവസം മമ്മൂട്ടി നാഗർകോവിലിൽ

Wednesday 02 October 2024 2:55 AM IST

നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നാഗർകോവിലിലെ ലൊക്കേഷനിൽ മമ്മൂട്ടി ഇന്ന് ജോയിൻ ചെയ്യും. പത്തു ദിവസത്തെ ചിത്രീകരണത്തിൽ മമ്മൂട്ടി പങ്കെടുക്കും. തുടർന്ന് എറണാകുളത്താണ് ചിത്രീകരണം. സാഗരം സാക്ഷി, കിളിപ്പേച്ചു കേൾക്കവ എന്നീ മമ്മൂട്ടി ചിത്രങ്ങൾ നാഗർകോവിലിലാണ് ചിത്രീകരിച്ചത്. ഇടവേളക്കുശേഷം മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണത്തിന് നാഗർകോവിൽ ലൊക്കേഷനാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അതിശക്തമായ പ്രതിനായക വേഷത്തിൽ ആണ് മമ്മൂട്ടി എത്തുന്നത്. പൊലീസ് വേഷം വിനായകൻ അവതരിപ്പിക്കുന്നു. ഫ്രെയിം ടും ഫ്രെയിം മമ്മൂട്ടി- വിനായകൻ ചിത്രമായിരിക്കും. ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്നതായിരിക്കും ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രത്തിന് ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. കണ്ണൂർ സ്ക്വാഡിനുശേഷം സുഷിൻ ശ്യാം വീണ്ടും മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ് ആണ് മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രം. ഡൊമിനിക് എന്ന ഡിറ്റക്ടീവിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകി ക്രൈം ത്രില്ലർ സിനിമയായിരിക്കും. വിനീത്,​ ഗോകുൽ സുരേഷ്,​ ലെന,​ സിദ്ദിഖ്,​ വിജി വെങ്കിടേഷ്,​ വിജയ് ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ജിതിന്റെ ചിത്രത്തിനുശേഷം മഹേഷ് നാരായണന്റെ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. ഡിസംബറിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിക്കും. മുപ്പതു ദിവസത്തെ ചിത്രീകരണമാണ് ശ്രീലങ്കയിൽ പ്ളാൻ ചെയ്യുന്നത്. ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്.

Advertisement
Advertisement