സുപ്രീംകോടതിയുടെ ഓൾ ദ ബെസ്റ്റ്

Wednesday 02 October 2024 2:57 AM IST

ഇന്ത്യയിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ.ഐ.ടികൾ. ഏറ്റവും കഠിനമായ എൻട്രൻസ് പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങളിലെ പ്രവേശനം. ഐ.ഐ.ടിയിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് അവസരങ്ങൾക്ക് സ്വദേശത്തായാലും വിദേശത്തായാലും പഞ്ഞമില്ല. വിദ്യാഭ്യാസ സ്ഥാപനമെന്നതിലുപരി ഗവേഷണങ്ങളിലൂടെ രാജ്യത്തിന്റെ വികസനത്തിന് നിരവധി സംഭാവനകളും ഈ സ്ഥാപനങ്ങൾ നൽകിവരുന്നു. ഒ.ബി.സി, എസ്.സി- എസ്.ടി വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ഇളവുകളും ലഭിക്കാറുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഒരു കുട്ടി ഇത്തരം സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുമ്പോൾ അയാളുടെ വീടിന്റെ സാമൂഹ്യാവസ്ഥയും ഉയരാൻ ഇടയാകും. സംവരണത്തിന്റെയും മറ്റും ലക്ഷ്യവും മറ്റൊന്നല്ല. അപ്പോൾ സാങ്കേതികതയുടെ നൂലാമാലയിൽ കുരുക്കി ഒരു ദളിത് വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിക്കുന്നത് ഇത്തരം സ്ഥാപനങ്ങളുടെ ഭരണകർത്താക്കൾ ചെയ്യാൻ പാടില്ലാത്തതാണ്.

എന്നാൽ ഓൺലൈൻ പ്രവേശന ഫീസ് അടയ്ക്കാൻ ഏതാനും മിനിട്ടുകൾ വൈകിയെന്ന കാരണത്താൽ ഉത്തർപ്രദേശിലെ ദിവസവേതന തൊഴിലാളിയുടെ മകൻ അതുലിന് ധൻബാദ് ഐ.ഐ.ടി അധികൃതർ പ്രവേശനം നിഷേധിക്കുകയാണ് ചെയ്തത്. ഇതിനെതിരെ അതുൽ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ദളിത് വിദ്യാർത്ഥിക്ക് പ്രത്യേകം സീറ്റ് അനുവദിച്ചു നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പൂർണമായ നീതി ഉറപ്പാക്കാൻ ഭരണഘടനയിലെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരം ഉപയോഗിച്ചാണ് നടപടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ശ്ലാഘനീയമായ ഈ ഉത്തരവ്.

പ്രവേശനം ലഭിക്കാൻ 17,500 രൂപയാണ് ഓൺലൈനായി അതുൽ അടയ്ക്കേണ്ടിയിരുന്നത്. ദിവസ വരുമാനക്കാരനായ ഒരു തൊഴിലാളിയുടെ മകന് ഇതൊരു വലിയ സംഖ്യ തന്നെയാണ്. ഗ്രാമീണരിൽ നിന്ന് പിരിച്ചാണ് ഈ തുക സംഘടിപ്പിച്ചത്. പക്ഷേ ജൂൺ 24നു വൈകിട്ട് 5 മണിക്കകമാണ് തുക അടയ്ക്കേണ്ടിയിരുന്നത്. തുക പിരിഞ്ഞുകിട്ടിയപ്പോൾ നാലേമുക്കാലായി. പിന്നീട് അടയ്ക്കാൻ ശ്രമിച്ചപ്പോൾ വൈകിപ്പോയി. അതിന്റെ പേരിലാണ് ഐ.ഐ.ടി അധികൃതർ നിർദ്ദാക്ഷിണ്യം പ്രവേശനം നിഷേധിച്ചത്. കോടതിയിൽ പല ന്യായങ്ങളും പറഞ്ഞ് അതുലിന്റെ പ്രവേശനത്തിന് തടസം സൃഷ്ടിക്കാൻ ഐ.ഐ.ടി സീറ്റ് അലോക്കേഷൻ അതോറിട്ടി ശ്രമിച്ചെങ്കിലും കോടതി അതെല്ലാം തള്ളിക്കളഞ്ഞ്,​ സൂപ്പർ ന്യൂമററി പോസ്റ്റ് സൃഷ്ടിച്ച് അതുലിന് ഐ.ഐ.ടിയിൽ അലോട്ട് ചെയ്തിരുന്ന ഇലക്ട്രിക്കൽ എൻജിനിയറിംഗ് സീറ്റിൽ തന്നെ പ്രവേശനം നൽകാൻ ഉത്തരവിടുകയായിരുന്നു.

വിദ്യാർത്ഥിയുടെ ഒരേയൊരു കുറവ് സമയത്ത് പണം അടയ്ക്കാനായില്ലെന്നതു മാത്രമാണ്. അതിന്റെ പേരിൽ പ്രവേശനം നിഷേധിക്കുന്നത് നീതിയുക്തമല്ലെന്ന് അഭിപ്രായപ്പെട്ട കോടതി പ്രവേശനം അനുവദിക്കുകയായിരുന്നു. തുടർന്ന് കോടതി അതുലിന് ഓൾ ദ ബെസ്റ്റ് നേരുകയും ചെയ്തു. ദളിത് വിഭാഗങ്ങളിലെ കുട്ടികൾക്ക് ആദ്യഘട്ട പ്രവേശനത്തിന് ഫീസ് അടയ്ക്കാൻ കഴിയാതെ വരുന്ന സന്ദർഭത്തിൽ ആവശ്യമായ സഹായം നൽകാൻ സംസ്ഥാന സർക്കാരുകൾ ഇടപെടേണ്ടതാണ്. അതല്ലെങ്കിൽ പ്രത്യേക സ്കോളർഷിപ്പ് നൽകിയോ സ്പോൺസർമാരെ കണ്ടെത്താൻ സഹായിച്ചോ ഐ.ഐ.ടി ഭരണകർത്താക്കൾക്കും ഇടപെടാവുന്നതാണ്. പണം നൽകാനാവാത്തതിന്റെ പേരിൽ ഐ.ഐ.ടികളിലും മറ്റും പ്രവേശനം ലഭിക്കുന്ന ഇത്തരം വിദ്യാർത്ഥികൾക്കു മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുന്നത് ഏതു തരത്തിലും ആശാസ്യമല്ല. അതുലിന്റെ കേസ് സുപ്രീംകോടതിയിലെത്തിയതോടെ പല മുതിർന്ന അഭിഭാഷകരും ഫീസ് സ്പോൺസർ ചെയ്യാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളതും സ്വാഗതാർഹമാണ്.