സ്കൂൾബസിന് തീപ്പിടിച്ച് 25 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Wednesday 02 October 2024 1:01 AM IST

ബാങ്കോക്ക്: തായിലാൻഡിൽ വിദ്യാ‌ർത്ഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. 25പേർ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 38 വിദ്യാർത്ഥികളും ആറ് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. ഉതായി താനി പ്രവിശ്യയിൽ നിന്നുള്ള വിദ്യാർത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. ഹൈവേയിലൂടെ ബസ് സഞ്ചരിക്കുന്നതിനിടെ ടയർപൊട്ടുകയും വാഹനം ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ വാതകടാങ്ക് പൊട്ടിത്തെറിക്കുകയും തീപടർന്ന പിടിക്കുകയായിരുന്നു.

അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങളോട് തായിലാൻഡ് പ്രധാനമന്ത്രി പോടോങ്ടാൻ ഷിനവത്ര അനുശോചനം അറിയിച്ചു.

44 പേർ ബസിലുണ്ടായിരുന്നതായാണ് പ്രാഥമികവിവരമെന്നും മൂന്ന് അധ്യാപകരേയും 16 വിദ്യാർത്ഥികളെയും രക്ഷപ്പെടുത്തിയെന്നും ഗതാഗതമന്ത്രി സൂര്യ ജങ്ക്രുൻഗ്രയേകിത് അറിയിച്ചു. ബാക്കിയുള്ളവരെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൽ ഏറ്റവും മോശമായ റോഡ് സുരക്ഷാ റെക്കോഡുള്ള രാജ്യമാണ് തായ്‌ലാൻഡ്. ഇവിടത്തെ സുരക്ഷിതമല്ലാത്ത വാഹനങ്ങളും മോശമായ ഡ്രൈവിംഗും അപകടമരണനിരക്ക് വർധനവിന് കാരണം.