സ്വർണക്കടത്ത് കേസിൽ ഇ.ഡിക്ക് താത്പര്യമില്ലേ?: സുപ്രീംകോടതി
Wednesday 02 October 2024 4:44 AM IST
ന്യൂഡൽഹി: നയതന്ത്ര സ്വർണക്കടത്ത് കേസുമായി മുന്നോട്ടു പോകാൻ ഇ.ഡിക്ക് താത്പര്യമില്ലേയെന്ന് സുപ്രീംകോടതി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡി ഹർജിയാണ് പരിഗണിച്ചത്. വാദം പറയുന്നതിൽ ഇന്നലെ ഇ.ഡി അസൗകര്യം അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ഹൃഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
ഹർജി ആറാഴ്‌ച്ചയ്‌ക്കു ശേഷം പരിഗണിക്കാൻ മാറ്റി. അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഇ.ഡിക്കു വേണ്ടി ഹാജരാകുന്നത്.
സെപ്‌തംബർ മൂന്നിന് ഹർജി പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ വിചാരണ നടന്നാൽ അട്ടിമറിക്കപ്പെടുമെന്നാണ് ഇ.ഡി പറയുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്‌ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ എന്നിവരാണ് എതിർകക്ഷികൾ.