വയനാട് പാക്കേജിൽ മൗനം,​ പ്രളയം : കേന്ദ്രം 145.60 കോടി തരും

Wednesday 02 October 2024 4:54 AM IST

​​ന്യൂഡൽഹി : കേരളത്തിന് 145.60 കോടി രൂപ പ്രളയസഹായം അനുവദിച്ച് കേന്ദ്രസർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്.ഡി.ആർ.എഫ്)​ നിന്നുള്ള കേന്ദ്ര വിഹിതമായും,​ ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (എൻ.ഡി.ആർ.എഫ്) നിന്നുള്ള മുൻകൂർ തുകയായും കേരളം ഉൾപ്പെടെ 14 പ്രളയബാധിത സംസ്ഥാനങ്ങൾക്ക് 5858.60 കോടി രൂപ അനുവദിച്ചു.

കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കണക്കിലെടുത്താണിത്. വയനാട് പാക്കേജിനെ പറ്റി വാർത്താക്കുറിപ്പിൽ പരാമർശമില്ല. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക സാമ്പത്തിക സഹായം തേടി ആഗസ്റ്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകിയിരുന്നു.

ഈവർഷം 21 സംസ്ഥാനങ്ങൾക്കായി 14,958 കോടിയിലധികം രൂപ ഇതിനകം നൽകിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എസ്.ഡി.ആർ.എഫിൽ നിന്ന് 21 സംസ്ഥാനങ്ങളിലേക്ക് നൽകിയ 9044.80 കോടിയും എൻ.ഡി.ആർ.എഫിൽ നിന്ന് 15 സംസ്ഥാനങ്ങൾക്ക് നൽകിയ 4528.66 കോടിയും സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടിൽ നിന്ന് 11 സംസ്ഥാനങ്ങൾക്ക് നൽകിയ 1385.45 കോടിയും ഇതിൽ ഉൾപ്പെടുന്നു.

തുക കോടിയിൽ

 മഹാരാഷ്ട്ര - 1492

 ആന്ധ്ര - 1036

 അസാം - 716

 ബീഹാർ - 655.60

 ഗുജറാത്ത് - 600

 ബംഗാൾ - 468

 തെലങ്കാന - 416.80

 ഹിമാചൽ പ്രദേശ് - 189.20

 മണിപ്പൂർ - 50

 ത്രിപുര - 25

 സിക്കിം - 23.60

 മിസോറം - 21.60

 നാഗാലാൻഡ് - 19.20