മുഖ്യമന്ത്രിയുടെ രീതി മാറിയതാണ് മലപ്പുറം പരാമർശം: അൻവർ
മലപ്പുറം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം മാറുന്ന സി.പി.എം സമീപനമായി കാണാനാവില്ലെന്നും പിണറായി മാറുന്ന രീതിയാണിതെന്നും പി.വി.അൻവർ എം.എൽ.എ നിലമ്പൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പ് ഫലത്തെ തെറ്റായി അപഗ്രഥിച്ച് ആർ.എസ്.എസുമായി സൗഹൃദം സ്ഥാപിക്കാനാണ് ശ്രമം. മുസ്ലീം വിരോധം പരസ്യമായി സ്ഥാപിക്കാനാണ് ഹിന്ദു ദിനപത്രത്തിന് അഭിമുഖം നൽകിയത്. ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നൽകിയാൽ ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തിന്റെ മേശപ്പുറത്തെത്തും. പിണറായി മാറിയെന്ന് ആർ.എസ്.എസ് നേതൃത്വത്തിന് ബോധ്യമാവണം.
മലപ്പുറം ജില്ല ക്രിമിനലുകളുടെ നാടാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. അതിന് സി.പി.എം ജില്ലാ സെക്രട്ടറി പൂർണ്ണപിന്തുണ നൽകുന്നു. പ്രതികളുടെയും കേസുകളുടെയും എണ്ണം അനാവശ്യമായി വർദ്ധിപ്പിക്കുന്ന രീതി സുജിത് ദാസ് എസ്.പിയായിരുന്നപ്പോൾ ആരംഭിച്ചതാണ്. ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ള ജില്ല ഏതെന്ന് ചോദിച്ചാൽ മലപ്പുറമെന്ന് ഉത്തരം വരും. 85 ശതമാനം മുസ്ലീങ്ങളായതിനാൽ മുസ്ലീങ്ങൾ ക്രിമിനലുകളാണെന്ന വ്യാഖ്യാനമുണ്ടാവും. ഇതിനെ അരികുപറ്റുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചത്. ജനങ്ങളെ പാർട്ടിക്ക് എതിരാക്കിയത് പൊലീസാണ്. തന്നെ വിമർശിച്ച മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടിയെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തും. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്നതാണ്. അദ്ദേഹത്തെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താതിരുന്നത് വീഴ്ചയാണ്. പാലോളി പറഞ്ഞാലും മുഖ്യമന്ത്രി മാറില്ല. നിലമ്പൂരിലെ തന്റെ യോഗത്തിൽ പങ്കെടുത്തത് ജനാധിപത്യ വിശ്വാസികളാണ്. അവരെ വർഗ്ഗീയവാദികളും ഫാസിസ്റ്റുകളുമാക്കുന്ന നിലപാട് സി.പി.എമ്മിന് തിരിച്ചടിയുണ്ടാക്കും. ഇടതുപക്ഷം വിടാൻ താൻ കാരണങ്ങളുണ്ടാക്കുകയാണെന്ന എം.സ്വരാജിന്റെ പ്രസ്താവന വിവരക്കേടാണ്. അൻവർ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ പുറത്താക്കിയില്ലെന്ന് സ്വരാജ് പറയണം. സ്വരാജ് അതിരുവിട്ടാൽ താനും അതിരുവിടും. അത് താങ്ങാൻ അദ്ദേഹത്തിനും നേതാക്കൾക്കും കഴിയില്ലെന്നും അൻവർ പറഞ്ഞു.