വർഷങ്ങളെടുത്ത് ശർക്കരകൊണ്ട് സൂക്ഷ്‌മമായി പാകപ്പെടുത്തിയ റം; ഇന്ത്യയുടെ സ്വന്തം 'ബെല്ല' വിപണിയിൽ

Wednesday 02 October 2024 12:48 PM IST

ബംഗളൂരു: ലോകത്തിലെ തന്നെ പ്രമുഖ ഡിസ്റ്റിലറികളിലൊന്നായ ഇന്ത്യയുടെ അമൃത് ഡിസ്റ്റിലറീസ് ഉൽപ്പാദിപ്പിച്ച പുതിയ റം 'ബെല്ല' എന്ന പേരിൽ പുറത്തിറക്കി. നൂറ് ശതമാനവും ശർക്കരയിൽ നിന്നാണ് ഇത് ഉൽപ്പാദിപ്പിച്ചിരിക്കുന്നത്.

മാണ്ഡ്യയിലും സഹ്യാദ്രി നിരകളിലും നിന്ന് കൊണ്ടുവന്ന ധാതുസമ്പന്നമായ ശർക്കരയിൽ നിന്നും ഉൽപ്പാദിപ്പിച്ച ബെല്ല റം, ഉഷ്‌ണമേഖലാ കാലാവസ്ഥയിൽ എക്‌സ് - ബർബൺ ബാരലുകളിൽ ആറ് വർഷത്തോളം സൂക്ഷ്‌മമായി പാകപ്പെടുത്തി എടുത്തതാണ്. അമൃത് ഡിസ്റ്റിലറിയുടെ 75-ാം വാർഷികം പ്രമാണിച്ച് സമ്പന്നമായ ഇന്ത്യൻ സാംസ്കാരിക പൈതൃകത്തോടുള്ള സൂചകമായതാണ് കമ്പനി ബെല്ല റം പുറത്തിറക്കിയത്.

ഇന്ത്യൻ സിംഗിൾ മാൾട്ടിന്റെ പിതാവ് എന്നറിയപ്പെടുന്ന നീൽകണ്‌ഠ റാവു ജാഗ്‌ദലെയുടെ ദീർഘവീക്ഷണമാണ് ബെല്ല റമ്മിന്റെ ഉത്ഭവത്തിന് പിന്നിൽ. ഇന്ത്യൻ സംസ്‌കാരത്തോടും പാരമ്പര്യത്തോടുമുള്ള അദ്ദേഹത്തിന്റെ അഗാധമായ ആദരവാണ് ബെല്ല റമ്മിന് അടിത്തറപാകുന്നത്. വിസ്‌കി ഉൽപ്പാദനത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഗെയിം ചെയ്‌ഞ്ചറായ അമൃത് ഡിസ്റ്റിലറീസ് ബെല്ല പുറത്തിറക്കിയതോടെ അതിന്റെ സ്ഥാനം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ്. ശർക്കരയിൽ നിന്ന് റം ഉൽപ്പാദിപ്പിച്ച് പിതാവിന്റെ ദീർഘവീക്ഷണം സാക്ഷാത്‌കരിക്കാൻ സാധിച്ചതിൽ അഭിമമാനമുണ്ടെന്ന് അമൃത് ഡിസ്റ്റിലറീസ് എംഡി രക്ഷിത് എൻ ജാഗ്‌ദലെ പറഞ്ഞു.

കർണാടക എക്സൈസ് വകുപ്പിൽ നിന്നും 2012ലാണ് ശർക്കരയിൽ നിന്നും സിംഗിൾ റം ഉത്പാദിപ്പിക്കാനുള്ള ലൈസൻസ് അമൃത് ഡിസ്റ്റിലറീസ് സ്വന്തമാക്കുന്നത്. ഈ വർഷം ജൂലായിൽ ബെല്ല റംമ്മിന്റെ സോഫ്റ്റ് ലോഞ്ചും തുടന്ന് ബംഗളൂരുവിൽ വച്ച് റമ്മിന്റെ ആഗോള ലോഞ്ചും നടന്നു.