പി വി അൻവറിന്റെ പാർട്ടിയിലേക്കില്ല, മുഖ്യമന്ത്രിയെയും സി പി എമ്മിനെയും തള്ളിപ്പറയില്ലെന്ന് കെ ടി ജലീൽ

Wednesday 02 October 2024 7:16 PM IST

മലപ്പുറം : പി.വി. അൻവർ എം.എൽ.എയുടെ പാർട്ടിയില്ലേക്കില്ലെന്ന് വ്യക്തമാക്കി കെ.ടി. ജലീൽ . വിയോജിപ്പ് അദ്ദേഹത്തെ അറിയിക്കുമെന്നും സി.പി.എം സഹയാത്രികനായി തുടർന്നും സഹകരിക്കുമെന്നും ജലീൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസിനെതിരെയും അൻവർ ഉന്നയിച്ച ആരോപണങ്ങളോട് യോജിപ്പില്ലെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വെടിവച്ചു കൊല്ലും എന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും തള്ളിപ്പറയില്ല. പി.വി. അൻവറുമായുള്ള സൗഹൃദം നിലനിൽക്കും. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളോട് വിയോജിപ്പിുണ്ട്. അദ്ദേഹം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അക്കാര്യത്തോട് ശക്തമായി വിയോജിക്കും. ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുകയും പൊതുപ്രവർത്തനം തുടരുകയും ചെയ്യും. സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ടു പോകും. ഇ.എൻ. മോഹൻദാസിനെ കുറിച്ച് അൻവർ പറഞ്ഞ കാര്യം എതിരാളികൾ പോലും ഉന്നയിക്കാത്തതാണ്. മറ്റേതെങ്കിലും രാഷ്ട്രീയ വിമർശനം അദ്ദേഹത്തിനെതിരെ ഉണ്ടായേക്കാം. അദ്ദേഹം ആർ,​എസ്എസുകാരനാണെന്ന് പറയാൻ എനിക്ക് കഴിയില്ല. ശശിയുടെ ആർ.എസ്.എസ് ബന്ധത്തോടും തനിക്ക് യോജിക്കാനാവില്ലെന്നും ജലീൽ കൂട്ടിച്ചേർത്തു.

എ.ഡി.ജി.പിയെ പൂർണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ജലീൽ പറഞ്ഞു. സുജിത് ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. അതാണ് നടപടി എടുത്തത്.അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എന്റെ ബോദ്ധ്യം. ആ ബോദ്ധ്യം അൻവറിന് ഉണ്ടാകണമെന്നില്ലെന്നും ജലീൽ വ്യക്തമാക്കി.