കാശ്‌മീർ വോട്ടെടുപ്പിലെ ജനപങ്കാളിത്തം

Thursday 03 October 2024 3:24 AM IST

ഒരു പതിറ്റാണ്ടിനുശേഷം ജമ്മു കാശ്‌മീരിൽ പൂർണ അർത്ഥത്തിലുള്ള ജനാധിപത്യത്തിന്റെ വിജയകരമായ തിരിച്ചുവരവാണ് കഴിഞ്ഞ ദിവസം പൂർത്തിയായ നിയമസഭാ തിരഞ്ഞെടുപ്പ് അടിവരയിടുന്നത്. 90 അംഗ നിയമസഭയിലേക്ക് മൂന്നു ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പ് കാശ്‌മീർ കണ്ടതിൽ വച്ചേറ്റവും സമാധാനപരമായിരുന്നു. ജമാഅത്തെ പോലുള്ള തീവ്ര വിഘടനവാദികൾ മാത്രമാണ് തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിന്നത്. മറ്റു കക്ഷികളെല്ലാം ആവേശത്തോടെ തിരഞ്ഞെടുപ്പിന്റെ ഭാഗമായെന്നത് പുതുപ്രതീക്ഷകൾ പകരുന്നു. രാഷ്ട്രീയം കൊടുമ്പിരിക്കൊള്ളുന്ന പ്രദേശങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കാശ്‌മീരിൽ വോട്ടുചെയ്യാനെത്തിയവരുടെ സംഖ്യ അമ്പരപ്പിക്കുന്നതാണ്. മൂന്നാം ഘട്ടത്തിൽ പോളിംഗ് നടന്ന 40 മണ്ഡലങ്ങളിൽ ഏതാണ്ട് 70 ശതമാനം പേർ വോട്ടുചെയ്തതായാണ് കണക്ക്. ആദ്യഘട്ടത്തിൽ പോളിംഗ് 61.38 ശതമാനവും രണ്ടാം ഘട്ടത്തിൽ 57.13 ശതമാനവുമായിരുന്നു. ജനാധിപത്യത്തിലും ജനകീയ ഭരണക്രമത്തിലും ജനങ്ങൾ വീണ്ടെടുത്ത വിശ്വാസത്തിനു തെളിവാണ് ഉയർന്ന വോട്ടിംഗ് നില.

ജമ്മു കാശ്‌മീരിനുള്ള പ്രത്യേകാവകാശങ്ങളും അധികാരങ്ങളും റദ്ദാക്കപ്പെട്ടശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ഏതു നിലയിൽ നോക്കിയാലും ഏറെ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ്. ജനാധിപത്യത്തിന് കരുത്തോടെയുള്ള തിരിച്ചുവരവിന് സാഹചര്യമൊരുക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്. വിഘടന വാദികൾക്കും വിദ്ധ്വംസക ശക്തികൾക്കും കാശ്‌മീരിന്റെ മണ്ണിൽ സ്ഥാനമില്ലെന്നു ബോദ്ധ്യപ്പെടുത്താനും നിഷ്‌പക്ഷവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ സഹായകമായി. അക്രമസംഭവങ്ങൾ പാടേ ഒഴിവായ തിരഞ്ഞെടുപ്പിനാണ് കാശ്‌മീർ സാക്ഷ്യം വഹിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത. പ്രചാരണത്തിന്റെ ആദ്യനാളുകളിൽ ദേശവിരുദ്ധശക്തികൾ കൊടുംഭീകരരെ കടത്തിവിട്ട് അന്തരീക്ഷം കലക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും സുരക്ഷാസേന ഫലപ്രദമായി പ്രതിരോധിച്ചു. തീവ്രവാദികൾക്ക് 500 രൂപ കൂലി നൽകി സേനാംഗങ്ങളെ കല്ലെറിഞ്ഞുകൊണ്ടിരുന്നവരെ മാളങ്ങളിൽത്തന്നെ ഒതുക്കിയതോടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങിയവർക്കുണ്ടായ ആശ്വാസം ചെറുതല്ല.

ഒക്ടോബർ 8ന് വോട്ടെണ്ണൽ നടക്കുന്നതോടെ കാശ്മീർ ഭരണം ആർക്കെന്നു വ്യക്തമാകും. ഏതു പാർട്ടിയോ മുന്നണിയോ അധികാരത്തിൽ വന്നാലും കാശ്‌മീരിനെ പിന്നോട്ടുകൊണ്ടുപോകാൻ ഇനി ആർക്കും കഴിയുമെന്നു തോന്നുന്നില്ല. ജനാധിപത്യ ഭരണസംവിധാനങ്ങൾ ശക്തിപ്പെടുത്തി കാശ്‌മീരിനെ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാനുള്ള അവസരമായി രാഷ്ട്രീയകക്ഷികൾ തിരഞ്ഞെടുപ്പു വിജയത്തെ കാണണം. അധികാരത്തിൽ വന്നാൽ 370-ാം വകുപ്പ് തിരികെ കൊണ്ടുവരുമെന്നും കൊളോണിയൽ അവശേഷിപ്പുകൾ പുനസ്ഥാപിക്കുമെന്നുമൊക്കെ വീമ്പിളക്കുന്ന ദേശീയ രാഷ്ട്രീയക്കാർ കാ‌ര്യമറിയാതെ എന്തോ ഒക്കെ പുലമ്പുന്നുണ്ട്. പാർലമെന്റ് സവിശേഷ അധികാരത്തിന്റെ ബലത്തിൽ റദ്ദാക്കുകയും,​ രാഷ്ട്രപതി അംഗീകരിച്ച് നിയമമാവുകയും ചെയ്ത മാറ്റങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ ആർക്കും തന്നെ തിരികെ കൊണ്ടുവരാനാകില്ലെന്ന യാഥാർത്ഥ്യം ഏവർക്കും അറിയാവുന്നതാണ്.

കാശ്‌മീർ ജനതയ്ക്കിടയിൽ അവിശ്വാസവും ദേശവിരുദ്ധതയും കുത്തിവച്ച് അവരെ സ്ഥിരമായി മുഖ്യധാരകളിൽ നിന്ന് അകറ്റി സങ്കുചിതമായ രാഷ്ട്രീയ താത്‌പര്യം നേടാനുള്ള കുത്സിത ശ്രമങ്ങൾ ഇനി അത്രയെളുപ്പം നടക്കാനിടയില്ല. രാഷ്ട്രീയക്കാരുടെ കപട മുഖങ്ങൾ കാശ്‌മീർ ജനതയും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സെപ്തംബർ അവസാനിക്കുന്നതിനു മുൻപ് ജമ്മുകാശ്‌മീർ തിരഞ്ഞെടുപ്പു നടത്തിയിരിക്കണമെന്ന സുപ്രീംകോടതിയുടെ കർക്കശ നിലപാടിനെത്തുടർന്നാണ് തിരഞ്ഞെടുപ്പിനുള്ള തീയതി കുറിച്ചത്. ആശങ്കകളുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ സമ്പൂർണ പിന്തുണയോടെ വോട്ടെടുപ്പ് യാതൊരു അനിഷ്ടസംഭവങ്ങളുമുണ്ടാകാതെ പൂർത്തീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനു സാധിച്ചു. പോളിംഗിൽ തീവ്രവാദികൾക്കു സ്വാധീനമുള്ള ശ്രീനഗർ മാത്രമാണ് പിന്നിലായിപ്പോയത്. ഇതര മേഖലകളിലെല്ലാം വോട്ടർമാർക്കിടയിലെ ആവേശവും താത്‌പര്യവും മുന്നിൽത്തന്നെയായിരുന്നു. ഭൂമിയിലെ സ്വർഗം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജമ്മു കാശ്‌മീരിനെ പഴയ നിലയിലേക്കു കൊണ്ടുപോകാൻ ഈ തിരഞ്ഞെടുപ്പ് തീർച്ചയായും നിമിത്തമാകേണ്ടതാണ്.