ഗാന്ധി ജയന്തി ആഘോഷിച്ച് രാജ്യം

Thursday 03 October 2024 2:55 AM IST

ന്യൂഡൽഹി : രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനം രാജ്യം സമുചിതമായി ആഘോഷിച്ചു. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്‌ഘട്ടിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അതിഷി എന്നിവർ പുഷ്പാർച്ചന നടത്തി. നേതാക്കൾ സർവമത പ്രാർത്ഥനയിൽ പങ്കെടുത്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി,​ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ എന്നിവർ പാർലമെന്റ് ഹൗസ് സെൻട്രൽ ഹാളിലെ ഗാന്ധി ചിത്രത്തിൽ പുഷ്‌പങ്ങൾ അർപ്പിച്ചു.

‌സത്യം,​ ഐക്യം,​ സമത്വം എന്നിവയിൽ അധിഷ്‌ഠിതമായ ബാപ്പുവിന്റെ ജീവിതം എന്നും ജനങ്ങൾക്ക് പ്രചോദനമായി നിലനിൽക്കുമെന്ന് നരേന്ദ്രമോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു. ഇന്നലെ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120ാം ജന്മദിനത്തിൽ അദ്ദേഹത്തെയും മോദി അനുസ്‌മരിച്ചു. ഭയമില്ലാതെ ജീവിക്കാനാണ് ഗാന്ധിജി പഠിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

Advertisement
Advertisement