സി.പി.എമ്മിനെ തള്ളിപ്പറയില്ല: ജലീൽ

Thursday 03 October 2024 1:07 AM IST

മലപ്പുറം: പി.വി. അൻവർ രൂപീകരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് ഇടത് സ്വതന്ത്ര എം.എൽ.എ കെ.ടി. ജലീൽ. അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് വിയോജിപ്പുണ്ട്. സി.പി.എമ്മിന്റെ സഹയാത്രികനായി തുടരുമെന്നും ജലീൽ വളാഞ്ചേരിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല. വെടിവച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയെയോ തള്ളിപ്പറയില്ല. അങ്ങനെ വന്നാൽ ഒരുവിഭാഗം സംശയത്തിന്റെ നിഴലിൽ നിറുത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും.

അൻവർ പൊലീസ് സേനയെ കുറിച്ച് പറഞ്ഞകാര്യങ്ങളിൽ ശരികളുണ്ടെന്ന് താൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. മുഖ്യമന്ത്രിയേയും പാർട്ടിയേയും നേരിൽ കണ്ട് അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചത്. റിപ്പോർട്ട് വരുംവരെ കാത്തിരിക്കണമെന്ന് അൻവറിനോട് അഭ്യർത്ഥിക്കുകയും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തതാണ്. പിന്നീട് കാര്യങ്ങൾ കൈവിട്ടുപോയി. അഭിപ്രായവും വിമർശനവും പറയും. അൻവറിനെ സഹായിക്കുന്ന നിലപാട് എടുത്തിട്ടില്ല. അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് തന്റെ ബോധ്യം. ആ ബോധ്യം അൻവറിന് ഉണ്ടാവണമെന്നില്ലെന്നും ജലീൽ പറഞ്ഞു.ഇനി തനിക്ക് ഒരുപദവിയും വേണ്ട. എഴുത്ത്, യാത്ര, പഠനങ്ങൾ തുടങ്ങിയ കാര്യങ്ങളുമായി മുന്നോട്ടുപോവും.

എ.ഡി.ജി.പിയെ മാറ്റണം വർഗീയ താൽപര്യമുള്ളവർ പൊലീസിലുണ്ടെന്ന് ജലീൽ പറഞ്ഞു. ഇത് തുടങ്ങിവച്ചത് കോൺഗ്രസും ലീഗുമാണ്. ക്രമസമാധാന ചുമതലയിൽ നിന്ന് മാത്രമല്ല,​ ആകെ മാറ്റേണ്ട ഒരാളാണ് എ.ഡി.ജി.പി അജിത് കുമാർ. ആർ.എസ്.എസ് നേതാക്കളെ കണ്ടത് ന്യായീകരിക്കാനാവില്ല. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും എ.ഡി.ജി.പി കാണാൻ പാടില്ല.

പി.ശശിക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന വാദം അംഗീകരിക്കുന്നില്ലെന്നും ജലീൽ പറഞ്ഞു.