കമ്പോഡിയയിലേക്ക് മനുഷ്യക്കടത്ത് : പ്രതി മൂന്നാറിൽ പിടിയിൽ

Thursday 03 October 2024 1:14 AM IST

ഹരിപ്പാട് : ടെലികോളർ ജോലി വാഗ്ദാനം ചെയ്ത് പണംവാങ്ങി കമ്പോഡിയയിൽ എത്തിച്ച് നിയമവിരുദ്ധ ജോലികൾ ചെയ്യാൻ പ്രേരിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ചിങ്ങോലി കൊച്ചുതെക്കതിൽ വീട്ടിൽ ബിനീഷ് കുമാറാണ് (34) മൂന്നാറിൽ നിന്ന് കനകക്കുന്ന് പൊലീസിന്റെ പിടിയിലായത്.

2024 മാർച്ചിലാണ് ചേപ്പാട് കന്നിമേൽ ശാന്താലയം വീട്ടിൽ അക്ഷയ് (25) ൽ നിന്ന് 1,65,000 രൂപ വാങ്ങി ടെലികോളർ ജോലി വാഗ്ദാനം ചെയ്ത് കമ്പോഡിയയിൽ എത്തിച്ച് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് മറ്റുള്ളവരിൽ നിന്ന് പണംതട്ടുന്ന ജോലി ചെയ്യിക്കാൻ ശ്രമിച്ചത്. ഇതിന് വിസമ്മതിച്ച അക്ഷയിയെ ഇരുട്ടുമുറിയിൽ ഇട്ട് പീഡിപ്പിച്ചു. തുടർന്ന് അക്ഷയ് യുടെ പിതാവ് ശാന്തകുമാരൻ അറിയിച്ചതനുസരിച്ച് എംബസി ഇടപെട്ട് അക്ഷയിനെയും ഒപ്പമുണ്ടായിരുന്ന 60 ഓളം ഇന്ത്യക്കാരായ മറ്റ് യുവാക്കളെയും രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചു. തുടർന്ന് അക്ഷയ് കനകക്കുന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കായംകുളം ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കനകക്കുന്ന് സി.ഐ എസ്.അരുൺ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ സുരേഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജിൻ ദത്ത്, ഗിരീഷ്, സനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ മൂന്നാറിൽ നിന്ന് പിടികൂടിയത്.