ഇറാൻ-ഇസ്രയേൽ സംഘർഷം: ഇക്കൊല്ലം ഇത് രണ്ടാം തവണ

Thursday 03 October 2024 1:29 AM IST

ടെൽ അവീവ്: ഈ വർഷം ഇത് രണ്ടാം തവണയാണ് ഇസ്രയേലും ഇറാനും നേർക്കുനേർ എത്തുന്നത്. ഏപ്രിലിൽ സിറിയയിലെ ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ തകർത്തതോടെ ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി തുടർന്ന നിഴൽ യുദ്ധം നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിതുറന്നിരുന്നു.

ആക്രമണത്തിൽ ഇറാന്റെ 2 ജനറൽമാർ അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. പിന്നാലെ ഇസ്രയേലിന് നേരെ ഇറാൻ മണ്ണിൽ നിന്ന് 'ഓപ്പറേഷൻ ട്രൂ പ്രോമിസ് " എന്ന പേരിൽ വ്യോമാക്രമണുണ്ടായി. ഇറാൻ വിക്ഷേപിച്ച 99 ശതമാനം ഡ്രോണുകളും മിസൈലുകളും ഇസ്രയേൽ തകർത്തു. തന്ത്രപ്രധാന ആണവ കേന്ദ്രങ്ങൾ നിലകൊള്ളുന്ന മദ്ധ്യ ഇറാനിലെ ഇസ്‌ഫഹാനിൽ വ്യോമാക്രമണം നടത്തിയായിരുന്നു ഇസ്രയേലിന്റെ പ്രതികാരം.

വ്യോമാതിർത്തി കടന്ന 'നുഴഞ്ഞുകയറ്റക്കാരുടെ" ഏതാനും ഡ്രോണുകളെ തകർത്തെന്നും ആളപായമോ നാശനഷ്ടങ്ങളോ ഇല്ലെന്നുമായിരുന്നു ഇറാന്റെ പ്രതികരണം. ആക്രമണം നടത്തിയത് തങ്ങളാണെന്ന് ഇസ്രയേലോ, ഇസ്രയേലാണ് പിന്നിലെന്ന് ഇറാനോ പരസ്യമായി പ്രതികരിച്ചില്ല. മിസൈൽ രാജ്യത്ത് പതിച്ചെന്ന റിപ്പോർട്ടും ഇറാൻ തള്ളി.

ഡ്രോണുകളെ കുട്ടികളെ കളിപ്പാട്ടങ്ങളോടാണ് അന്നത്തെ ഇറാൻ വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ അബ്ദൊള്ളഹയാൻ താരതമ്യപ്പെടുത്തിയത്. ഇറാൻ നേരിട്ട് തിരിച്ചടിക്കാതിരുന്നതിനാൽ സംഘർഷം താത്കാലികമായി ശമിച്ചു. 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 2 " എന്നാണ് ചൊവ്വാഴ്ചത്തെ ആക്രമണത്തെ ഇറാൻ വിശേഷിപ്പിച്ചത്.

Advertisement
Advertisement