ഇറാന്റെ ആക്രമണം ശരിക്കും വിജയിച്ചോ ?
ടെൽ അവീവ്: ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ളയുടെയും ഹമാസ് മേധാവിയായിരുന്ന ഇസ്മയിൽ ഹനിയേയുടെയും വധത്തിന് പ്രതികാരമായി ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണം എത്രത്തോളം വിജയം കണ്ടു.? ഇരുവരുടെയും വാദങ്ങൾ പരിശോധിക്കാം.
1. 400 മിസൈലുകൾ ഇസ്രയേലിൽ പതിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ 200 മിസൈലുകളാണ് വിക്ഷേപിച്ചതെന്ന് ഇറാൻ ഇന്നലെ അറിയിച്ചു. 180 എണ്ണമെന്ന് ഇസ്രയേലും. മിസൈലുകളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലുടനീളം അപായ സൈറണുകൾ മുഴങ്ങി. ഭൂരിഭാഗം മിസൈലുകളെയും ഇസ്രയേലോ മേഖലയിൽ നിലയുറപ്പിച്ച സഖ്യകക്ഷികളോ (യു.എസ്, യു.കെ) തകർത്തു.
2. ഇസ്രയേലിലേക്ക് മിസൈലുകൾ തൊടുക്കുന്ന ദൃശ്യം ഇറാൻ പുറത്തുവിട്ടു. ടെൽ അവീവിന് ചുറ്റുമുള്ള മൂന്നെണ്ണം അടക്കം സൈനിക ബേസുകളെ ലക്ഷ്യമിട്ടെന്നും 90 ശതമാനവും ലക്ഷ്യസ്ഥാനത്ത് പതിച്ചെന്നും ഇറാൻ പറഞ്ഞു. എന്നാൽ, 20 മിസൈലുകൾ മാത്രമാണ് പതിച്ചതെന്നും ബാക്കിയെല്ലാം തകർത്തെന്നും ഇസ്രയേൽ.
3. ഇസ്രയേലിന്റെ ചാര ഏജൻസിയായ മൊസാദിന്റെ ആസ്ഥാനത്ത് മിസൈൽ പതിച്ചെന്ന് ഇറാന്റെ വാദം. മിസൈലുകൾ തുറന്ന പ്രദേശത്ത് വീണെന്ന് ഇസ്രയേൽ. മൊസാദ് ആസ്ഥാനത്തിന് സമീപം മിസൈൽ വീണുണ്ടായതെന്ന് കരുതുന്ന ഒരു ഭീമൻ ഗർത്തത്തിന്റെ ചിത്രം പുറത്ത്.
4. ഹൈപ്പർസോണിക് ഫത്താഹ് മിസൈൽ ഉപയോഗിച്ച് മിലിട്ടറി കേന്ദ്രങ്ങളെ വിജയകരമായി ആക്രമിച്ചെന്ന് ഇറാൻ. നുണയെന്ന് ഇസ്രയേൽ. എയർഫോഴ്സ് ബേസുകൾക്ക് കേടുപാടുണ്ടെങ്കിലും ഗുരുതരമല്ല. വ്യോമാക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക് മാത്രമെന്നും പറയുന്നു.
5. തിരിച്ചടിച്ചാൽ തകർത്ത് തരിപ്പണമാക്കുമെന്ന് ഇറാൻ. പദ്ധതി തയ്യാറെന്നും ഉചിതമായ സന്ദർഭത്തിൽ തിരിച്ചടിക്കുമെന്നും ഇസ്രയേൽ.