100 കുഞ്ഞുങ്ങൾക്ക് കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്റെ പേരിട്ട് ഇറാഖ്; ഹസൻ നസ്റല്ലയുടെ സംസ്കാരം വെള്ളിയാഴ്ച, രാജ്യത്ത് വൻ പ്രതിഷേധം

Thursday 03 October 2024 10:46 AM IST

ബെയ്റൂത്: ഇസ്രയേൽ ആക്രമത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്റല്ലയുടെ സംസ്‌കാരം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ഹസൻ നസ്റല്ലയുടെ കൊലപാതകം മേഖലയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഹസൻ നസ്റല്ലയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ച് സ്ത്രീകളടക്കം നിരവധി പേരാണ് തെരുവിലിറങ്ങിയത്. 'ഡൗൺ വിത്ത് യുഎസ്', 'ഡൗൺ വിത്ത് ഇസ്രായേൽ എന്നീ മുദ്രാവക്യങ്ങളും ഇവർ ഉയർത്തിപ്പിടിക്കുന്നു.

ഇസ്രയേൽ ഹിസ്ബുള്ള പ്രശ്നം രൂക്ഷമായതോടെ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം വിളിക്കണമെന്നും ഇറാഖ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസൻ നസ്റല്ലയുടെ വിയോഗത്തിൽ ലെബനനിൽ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ലെബനനിലെ ബെയ്റൂതിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് നസ്റല്ല കൊല്ലപ്പെടുന്നത്. അദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ഇറാഖ് അവിടെ ജനിച്ച നവജാതശിശുകൾക്ക് അദ്ദേഹത്തിന്റെ പേര് ഇട്ടുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇറാഖിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തുടനീളം 100 ഓളം കുഞ്ഞുങ്ങൾക്ക് 'നസ്‌റല്ല' എന്ന് പേരിട്ടു.

മൂന്ന് പതിറ്റാണ്ടിലേറെയായി ഹിസ്ബുള്ളയുടെ തലപ്പത്തിരുന്ന നസ്റല്ല പല അറബ് രാഷ്ട്രങ്ങളിലും ഇസ്രയേൽ, പാശ്ചാത്യ സ്വാധീനത്തിനെതിരെയും ചെറുത്തുനിന്നയാളാണ്. ഇറാഖിന്റെ പല ഭാഗത്തും അദ്ദേഹത്തിന്റെ നിരവധി അനുയായികൾ ഉണ്ടായിരുന്നു. ഇതിൽ കൂടുതലും ഷിയ സമുദായത്തിൽപ്പെട്ടവരായിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിന്റെ മരണവിവരം രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധം ഉയർത്തുന്നുണ്ട്. ബാഗ്ദാദിലും മറ്റ് നഗരങ്ങളിലും വലിയ തോതിൽ ജനങ്ങൾ പ്രതിഷേധിക്കുന്നു. ഇസ്രായേലിന്റെ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇവർ ആരോപിക്കുന്നത്. 'നീതിമാന്മാരുടെ പാതയിലെ രക്തസാക്ഷി' എന്നാണ് നസ്റല്ലയെ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് സിയാ അല്സദാനി വിശേഷിപ്പിച്ചത്.