സാമന്തയും നാഗചൈതന്യയും പിരിയാൻ കാരണക്കാരൻ ഒരു രാഷ്‌ട്രീയ നേതാവെന്ന് മന്ത്രി സുരേഖ; മറുപടി നൽകി താരം

Thursday 03 October 2024 11:38 AM IST

സൂപ്പർ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് തെലങ്കാന മന്ത്രി സുരേഖ നടത്തിയ പരാമർശത്തിനെതിരെ നടി രംഗത്ത്. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെടി രാമറാവു ആണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണമെന്നായിരുന്നു സുരേഖ പറഞ്ഞത്. കെടി രാമറാവു നിരവധി പ്രമുഖരുടെ ജീവിതം തകർത്തുവെന്നും അവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആരോപിച്ചിരുന്നു.

ഒരാളുടെ സ്വകാര്യ ജീവിതത്തെ ബഹുമാനിക്കണമെന്നും രാഷ്‌ട്രീയ പോരാട്ടങ്ങളിൽ തന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്നുമാണ് സാമന്ത സുരേഖയ്‌ക്ക് മറുപടിയായി ഇട്ട ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നത്. 'എന്റെ വിവാഹമോചനം എന്നത് വ്യക്തിപരമായ കാര്യമാണ്. അതിൽ ഊഹാപോഹങ്ങൾ പറഞ്ഞുണ്ടാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. എന്റെ വിവാഹമോചനം പരസ്‌പര സമ്മതത്തോടെയും സൗഹാർദത്തോടെയുമായിരുന്നു. അല്ലാതെ രാഷ്‌ട്രീയ ഗൂഢാലോചനയൊന്നും അതിലില്ല', സാമന്ത വ്യക്തമാക്കി.

വിഷയത്തിൽ നാഗചൈതന്യ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പിതാവ് നാഗാർജുന അക്കിനേനി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. 'രാഷ്‌ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം എതിരാളികളെ വിമർശിക്കാൻ വേണ്ടി ഉപയോഗിക്കരുത്. ദയവായി മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരു സ്‌ത്രീയെന്ന നിലയിൽ ഞങ്ങളുടെ കുടുംബത്തിനെതിരായ നിങ്ങളുടെ അഭിപ്രായങ്ങളും ആരോപണങ്ങളും തികച്ചും അപ്രസക്തവും തെറ്റുമാണ് ', നാഗാർജുന കുറിച്ചു.

2017ലാണ് സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും വിവാഹിതരായത്. പിന്നീട് 2021ലായിരുന്നു വിവാഹമോചനം. നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹ നിശ്ചയം അടുത്തിടെ ആണ് കഴിഞ്ഞത്.