കിടപ്പുമുറി വെറും ഒരു മുറിമാത്രമല്ല, ശ്രദ്ധിക്കാൻ ഏറെയുണ്ട്: ഇല്ലെങ്കിൽ പണി ഉറപ്പ്

Thursday 03 October 2024 3:26 PM IST

കിടപ്പുമുറിയ ഒരു മുറിമാത്രമല്ല. കുടുംബാംഗങ്ങളുടെയും കുടുംബത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ഐശ്വര്യത്തിന്റെയും ഉറവിടമാണ്. കിടപ്പുമുറിയുടെ കാര്യത്തിൽ ഉണ്ടാവുന്ന ചെറിയൊരു അശ്രദ്ധയ്ക്കുപോലും വലിയ വില നൽകേണ്ടിവരുമെന്ന് നൂറുശതമാനം ഉറപ്പ്. കിടപ്പുമുറിയുടെ സ്ഥാനം ഉൾപ്പെടെയുളള കാര്യങ്ങൾ ശ്രദ്ധിച്ചേ പറ്റൂ. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആദ്യമായി പരിഗണിക്കേണ്ടത് കിടപ്പുമുറിയുടെ സ്ഥാനം തന്നെയാണ്. തെക്കുപടിഞ്ഞാറുഭാഗത്തുള്ള കന്നിമൂലയിലായിരിക്കണം ഗൃഹനാഥന്റെ കിടപ്പുമുറി. വടക്കുകിഴക്കുഭാഗത്ത് കിഴക്കേദിക്കിൽ നിന്ന് കയറുകയോ വടക്കുകിഴക്കുഭാഗത്തേക്ക് വടക്ക് ദിക്കിൽ നിന്ന് നിന്ന് കയറുകയോ ചെയ്യാവുന്ന രീതിയിലാവണം വാതിലുകൾ സജ്ജീകരിക്കേണ്ടത്. ഇനി മുറിയിൽ കട്ടിൽ ഇടുമ്പാേഴും ശ്രദ്ധവേണം. കിഴക്കുഭാഗത്ത് തലവച്ച് കിടക്കുന്ന രീതിയിലാവണം കട്ടിൽ ക്രമീകരിക്കേണ്ടത്. കട്ടിലിനടിയിൽ സാധനങ്ങൾ കുത്തിത്തിരുകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുന്നത് മുറിക്കുളളിൽ നെഗറ്റീവ് എനർജി നിറയ്ക്കും.

തെക്കുപടിഞ്ഞാറ് മൂലയിൽ വടക്കോട്ട് നോക്കിനിൽക്കുന്ന രീതിയിലാവണം സ്വർണവും പണവുമൊക്കെ വയ്‌ക്കേണ്ടത്. വടക്കോട്ടുനോക്കിനിൽക്കുന്ന രീതിയിൽ അവ വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കിഴക്കോട്ട് നോക്കിനിൽക്കുന്ന രീതിയിൽ വയ്ക്കാവുന്നതാണ്. കിടപ്പുമുറിയിൽ അറ്റാച്ച്ഡ് ബാത്തുറൂമുണ്ടെങ്കിൽ അതിന്റെ വാതിൽ കർട്ടൻകൊണ്ട് മറയ്ക്കാനും മറക്കരുത്. ഒപ്പം ടോയ്‌ലറ്റിന്റെ വാതിൽ തുറന്നിടാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പുമുറിയുടെ ചുമരുകൾക്ക് അല്പം ഡാർക്ക് നിറം നൽകുന്നത് ഉറക്കത്തെ സ്വാധീനിക്കും. മുറി എപ്പോഴും അടുക്കും ചിട്ടയുമായി വൃത്തിയോടെ സൂക്ഷിക്കാനും മറക്കരുത്. ജീവനുള്ള ചെടികളോ ചെടികളുടെ പടങ്ങളോ കിടപ്പുമുറിയിൽ ഉണ്ടാവാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികൾക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ രണ്ട് കൊക്കുകളുടെ ചിത്രം കിടപ്പുമുറിയുടെ കിഴക്കേ ഭിത്തിയിൽ വയ്ക്കുന്നത് നന്നായിരിക്കും.

Advertisement
Advertisement