ടേക്ക് ഓഫ് ചെയ്യാൻ വിസമ്മതിച്ച് പെെലറ്റ്, കാരണം കേട്ട് ഞെട്ടി യാത്രക്കാർ; ഇൻഡിഗോ വിമാനം വെെകിയത് അഞ്ച് മണിക്കൂർ

Thursday 03 October 2024 4:30 PM IST

ബംഗളൂരു: വിമാനം ടേക്ക് ഓഫ് ചെയ്യാൻ പെെലറ്റ് വിസമതിച്ചതിനെത്തുടർന്ന് ഇൻഡിഗോ വിമാനം അ‌ഞ്ച് മണിക്കൂർ വെെകി. പൂനെയിൽ നിന്ന് ബെഗളൂരുവിലേക്കുള്ള വിമാനമാണ് വെെകിയത്. പൂനെയിൽ നിന്ന് പുലർച്ചെ 12.45ന് പുറപ്പെടേണ്ടിയിരുന്ന വിമാനം. 5.44ന് പുറപ്പെട്ട് 6.49നാണ് ബംഗളൂരുവിൽ ലാൻഡ് ചെയ്തത്. ജോലി സമയം കഴിഞ്ഞെന്ന് പറഞ്ഞ് പെെലറ്റ് വിമാനം എടുക്കാത്തതാണ് വെെകിയതിന്റെ കാരണമെന്നാണ് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്.

'പെെലറ്റ് ജോലി സമയം അവസാനിച്ചെന്ന് പറഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്യാൻ വിസമ്മതിച്ചു. തുടർന്ന് പൂനെ - ബംഗളൂരു ഇൻഡിഗോ വിമാനം അഞ്ച് മണിക്കൂർ വെെകി' എന്ന അടിക്കുറിപ്പോടെ എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ യാത്രക്കാർ കോക്പിറ്റിലേക്കുള്ള വാതിലിന് മുന്നിൽ കൂടി നിന്ന് ബഹളം വയ്ക്കുന്നതും ഇവരെ സീറ്റിൽ ഇരുത്താൻ ക്രൂ അംഗങ്ങൾ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പെെലറ്റിനോട് ഇറങ്ങിവരാൻ യാത്രക്കാർ പറയുമ്പോൾ അദ്ദേഹം കോക്പിറ്റിലേക്കുള്ള വാതിൽ അടയ്ക്കുന്നു. വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്.

എന്തിനാണ് പെെലറ്റിനെ കുറ്റം പറയുന്നത്. കമ്പനിയെയാണ് കുറ്റം പറയേണ്ടതെന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയാണ് പ്രാധാനമെന്നും പെെലറ്റിന്റെയും ക്രൂവിന്റെയും ഡ്യൂട്ടി സമയം ശരിയായ രീതിയിൽ കമ്പനി ക്രമീകരിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. എല്ലാ എയർലെെനിലും ഇത്തരം സംഭവങ്ങൾ ഉണ്ടെന്നാണ് ചില ആരോപിക്കുന്നത്.

'2024 സെപ്തംബർ 24-ന് പൂനെയിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന 6E 361 ഫ്ലൈറ്റ് ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം വൈകി. കാലതാമസം പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുകയും ചെയ്തു. എന്തെങ്കിലും തരത്തിലുള്ള അസൗകര്യം ഉണ്ടായെങ്കിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു ',- ഇൻഡിഗോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Advertisement
Advertisement