മണിക്കൂറുകൾക്ക് മുൻപ് ബിജെപിക്കായി വോട്ട് ചോദിക്കുകയായിരുന്ന മുതിർന്ന നേതാവ് കോൺഗ്രസിൽ ചേ‌ർന്നു

Thursday 03 October 2024 4:56 PM IST

ചണ്ഡിഗഡ്: മുൻ ലോക്‌സഭാ എംപിയും ബിജെപി അംഗവുമായിരുന്ന അശോക് തൻവാർ കോൺഗ്രസിൽ തിരിച്ചെത്തി. ഹരിയാനയിലെ മഹേന്ദ്രഗഡിൽ പാർട്ടി നേതാവ് രാഹുൽ ഗാന്ധി നടത്തിയ റാലിയിൽ പങ്കെടുത്തതുകൊണ്ടാണ് തൻവാർ തിരികെ പാർട്ടിയിൽ പ്രവേശിച്ചത്.

സിർസയിൽ നിന്നുള്ള കോൺഗ്രസ് എംപിയായിരുന്ന തൻവാർ 2014 മുതൽ 2019വരെ ഹരിയാനയിലെ കോൺഗ്രസ് അദ്ധ്യക്ഷനായും പ്രവർത്തിച്ചിരുന്നു. 2019ൽ പാർട്ടി വിട്ട അദ്ദേഹം 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ശേഷം 2022ൽ ആംആദ്‌മി പാർട്ടിയുടെ ഭാഗമായി. കോൺഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള എഎപിയുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടി വിട്ടു. ഈ വർഷം ജനുവരിയിലാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് ബിജെപി ടിക്കറ്റിൽ സിറയിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ കുമാരി സെൽജയോട് തോറ്റു.

തൻവാർ കോൺഗ്രസിൽ ചേർന്ന വിവരം പാർട്ടി തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. 'സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവർക്കായി കോൺഗ്രസ് എപ്പോഴും ശബ്ദം ഉയർത്തിയിട്ടുണ്ട്. നമ്മുടെ സമരങ്ങളിലും സമർപ്പണങ്ങളിലും പ്രചോദനം ഉൾകൊണ്ട് മുതിർന്ന ബിജെപി നേതാവും, മുൻ എംപിയും, ബിജെപി പ്രചാരണ കമ്മിറ്റിയിലെ അംഗവും താര പ്രചാരകനുമായ അശോക് തൻവാർ കോൺഗ്രസിൽ ചേർന്നു'- എന്നാണ് പാർട്ടി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകി ഇന്ന് രാവിലെ തൻവാർ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് ഒരു മണിക്കൂറിന് ശേഷമാണ് രാഹുൽ ഗാന്ധി നയിച്ച റാലിയിൽ തൻവാർ പങ്കെടുത്തത്.