ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് കേന്ദ്രം,​ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി

Thursday 03 October 2024 9:54 PM IST

ന്യൂഡൽഹി: ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ സിുപ്രീംകോടതിയിൽ സത്യവാങ്മ‌ൂലം നൽകി. ഭർതൃബലാത്‌സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തെക്കാൾ സാമൂഹികമായ വിഷയമാണെന്നും കേന്ദ്രം സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നു.

ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ കണ്ക്കിലെടുക്കാതെയോ ഈ പ്രശ്നത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയില്ല. ഒരു ദാമ്പത്യത്തിൽ പങ്കാളിയിൽ നിന്ന് ലൈംഗിക ബന്ധം പ്രതീക്ഷിക്കും,​ എന്നാൽ പങ്കാളിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗികബന്ധത്തിൽ ഏ‍ർപ്പെടാൻ നിർബന്ധിക്കാനുള്ള അവകാശം ഭർത്താവിനില്ല. വിഷയത്തിൽ ബലാത്സംഗ വിരുദ്ധ നിയമപ്രകാരം ഒരാളെ ശിക്ഷിക്കുന്നത് അതിരു കടന്നതാണെന്നും കേന്ദ്രം വാദിച്ചു.

ഭാര്യ-ഭർതൃ ബന്ധത്തിൽ സ്ത്രീയുടെ സമ്മതം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. വിവാഹിതരായ സ്ത്രീകളോടുള്ള ക്രൂരതയ്ക്ക് ശിക്ഷ നൽകുന്ന നിയമനടപടികളും ഇതിൽ ഉൾപ്പെടുന്നു. വിവാഹിതരായ സ്ത്രീകളുടെ സംരക്ഷണത്തിന് 2005-ലെ ഗാർഹിക പീഡന നിരോധന നിയമം നിലവിലുള്ളതായും കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞു.