വൈവാഹിക ബലാൽസംഗം കുറ്റമാക്കരുതെന്ന് കേന്ദ്രം
ന്യൂഡൽഹി : വൈവാഹിക ബലാൽസംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ഹർജികളെ എതിർത്ത് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. വിഷയം നിയമപരം എന്നതിനേക്കാൾ സാമൂഹികമാണ്. സമൂഹത്തെ നേരിട്ട് ബാധിക്കുന്നതാണ്. വൈവാഹിക ബലാൽസംഗം ക്രിമിനൽ കുറ്റമാക്കണമെങ്കിലും അതു ചെയ്യേണ്ടത് സുപ്രീംകോടതി അല്ലെന്നും കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട മറ്റ് പലരുമായും ചർച്ച ചെയ്യേണ്ട വിഷയമാണ്. വിവാഹം കഴിഞ്ഞാലും സ്ത്രീയുടെ അനുമതി ആവശ്യമാണ്. അത് ലംഘിക്കപ്പെട്ടാൽ അതിനായി പ്രത്യേക നിയമവ്യവസ്ഥയാണ് വേണ്ടത്. നിലവിലെ ബലാത്സംഗക്കുറ്റവുമായി ചേർത്തുവയ്‌ക്കാനാവില്ലെന്നും അറിയിച്ചു.
വൈവാഹിക ബലാൽസംഗക്കുറ്റത്തിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കുന്ന, ഇന്ത്യൻ ശിക്ഷാനിയമം 375ന്റെ അനുബന്ധ വ്യവസ്ഥയാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്. വിഷയത്തിൽ ഡൽഹി ഹൈക്കോടതി ഭിന്നവിധി പുറപ്പെടുവിച്ചിരുന്നു. അതോടെയാണ് സുപ്രീംകോടതിയിൽ അപ്പീൽ എത്തിയത്. ഈ അപ്പീലുകളിലും പൊതുതാൽപര്യ ഹർജികളിലുമാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ഭർത്താവിനെതിരെയുളള ബലാൽസംഗക്കുറ്റം നിലനിൽക്കുമെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെയും ഹർജിയുണ്ട്.