സൈബർതട്ടിപ്പ് സംഘത്തിന്റെ 'ടാർജറ്റ് ലിസ്റ്റിൽ' സമ്പന്ന വൃദ്ധർ

Friday 04 October 2024 1:21 AM IST

കൊച്ചി: യുവാക്കളെ 'തൊട്ടാൽ’ പണിപാളുമെന്നായതോടെ സമ്പന്ന വൃദ്ധരെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘങ്ങൾ. കൊച്ചിയിലുൾപ്പെടെ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇരയായവരിൽ ബഹുഭൂരിഭാഗം അറുപതു വയസിന് മുകളിലുള്ളവരാണ്. സൈബർ തട്ടിപ്പുകളെക്കുറിച്ച് ധാരണയില്ലാത്തതും സാങ്കേതികവിദ്യയിലെ ജ്ഞാനക്കുറവും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്നതുമാണ് പ്രായമായവരെ നോട്ടമിടാൻ കാരണമെന്ന് സൈബർ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.

ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ഒരുകോടി ഒരുലക്ഷം രൂപയാണ് കൊച്ചിയിൽ നിന്ന് ഉത്തരേന്ത്യൻസംഘം ഒടുവിൽ തട്ടിയത്. ഇരയായത് തമ്മനം സ്വദേശിയായ 61കാരനും. എം സ്റ്റോക് സെക്യൂരിറ്റിയെന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്. ഇയാളുടെ പരാതിയിൽ എം സ്റ്റോക് സെക്യൂരിറ്റി ചീഫ് അനലിസ്റ്റ് നമിത്ത്, അസിസ്റ്റന്റ് കൃതി, ക്ലൈന്റ് മാനേജർ രവി അഗർവാൾ എന്നിവരെ പ്രതിചേർത്ത് പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി​.

കഴിഞ്ഞമാസം 12നാണ് തട്ടിപ്പ്‌സംഘം വാട്‌സ്ആപ്പ് മുഖേനെ ബന്ധപ്പെടുന്നത്. നിക്ഷേപത്തിന് വൻ ലാഭമായിരുന്നു വാഗ്ദാനം. ആദ്യം ചെറിയതുക നിക്ഷേപിച്ചപ്പോൾ മികച്ചലാഭം അക്കൗണ്ടിലെത്തി. തുടർന്ന് പലതവണയായാണ് തുക നിക്ഷേപിച്ചത്. പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞു. വൻ നിക്ഷേപമുള്ള വൃദ്ധരുടെ വിവരങ്ങൾ ബാങ്കിൽനിന്ന് തട്ടിപ്പ് സംഘങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

വൃദ്ധർ വീണ തട്ടിപ്പുകൾ

• 6.93 കോടി - കാക്കനാട് സ്വദേശി ഐ.ടി കമ്പനി ഉടമയായ 60കാരൻ. കറൻസി ട്രേഡിംഗ് വഴി ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

 5.99 കോടി -പൂണിത്തുറ സ്വദേശിയായ 59കാരൻ. ഡൽഹി പൊലീസിന്റെയും സി.ബി.ഐയുടെയും വാറന്റുണ്ടെന്നായിരുന്നു വ്യാജഭീഷണി

5.16 കോടി - എറണാകുളം ജഡ്ജസ് അവന്യൂവിലെ അറുപത്തഞ്ചുകാരി. കൊറിയറിൽ മയക്കുമരുന്നും വ്യാജപാസ്‌പോർട്ടുമുണ്ടെന്ന് ഭീഷണിപ്പെടുത്തി തട്ടിപ്പ്.

3.37 കോടി -മറൈൻഡ്രൈവിലെ ഫ്ളാറ്റിൽ താമസിക്കുന്ന 60കാരൻ. ട്രേഡിംഗ് നടത്തി പണമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

ടാർജറ്രിന് പിന്നിൽ

തട്ടിപ്പുകളെക്കുറിച്ച് ധാരണക്കുറവ്

ലാഭത്തോടുള്ള അമിത താത്പര്യം

ഉറപ്പായ ബാങ്ക് ബാലൻസ്

ഭീഷണിയിൽ എളുപ്പം അടിപതറുന്നത്

കേസുകൾ പരിശോധിക്കുമ്പോൾ തട്ടിപ്പുസംഘങ്ങൾ ടാർജറ്റ് ചെയ്യുന്നത് പ്രായമായവരെയാണെന്ന് മനസിലാകും. പൊലീസിന്റെ ബോധവത്കരണമടക്കം കാര്യക്ഷമമാകുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണം

നന്ദകിഷോർ ഹരികുമാർ

സൈബർ വിദഗ്ദ്ധൻ