സൈ​ബ​ർ ത​ട്ടി​പ്പി​ൽ ന​ഷ്ട​പ്പെ​ട്ട തു​ക തി​രി​കെ പി​ടി​ച്ച് സി​റ്റി പൊലീസ്

Friday 04 October 2024 1:51 AM IST

തൃശൂർ: സൈബർ തട്ടിപ്പിൽ പഴയന്നൂർ സ്വദേശികൾക്ക് നഷ്ടപ്പെട്ട തുക തിരികെ പിടിച്ച് സിറ്റി പൊലീസ്. നഷ്ടപ്പെട്ട 20 ലക്ഷത്തിൽ 99 ശതമാനം തുകയും തിരികെ ലഭിക്കുമെന്നുറപ്പായതോടെ, ബിസിനസുകാരനും പഴയന്നൂർ സ്വദേശികളുമായ പുന്നക്കത്തറയിൽ വിനോദും ഭാര്യ ഷാലിയും പൊലീസിനോട് നന്ദി പറയാനെത്തി.

കഴിഞ്ഞ 24നാണ് വിനോദിന്റെ ഫോണിൽ ഒരു കോൾ വന്നത്. പേരിൽ മറ്റൊരു സിം ഉണ്ടെന്നും അതിൽ നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര പൊലീസിന്റെ പേരിൽ വന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. നിലവിലെ ഫോൺ നമ്പറിലെ കണക്ഷൻ ഉടൻ വിഛേദിക്കുമെന്നും അതൊഴിവാക്കാൻ ആധാർ കാർഡ് സബ്മിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇതുകേട്ട് പരിഭ്രാന്തനായി ആധാർ കാർഡ് തട്ടിപ്പുസംഘത്തിനു നൽകി.

തുടർന്ന് നീണ്ട നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ഡിജിറ്റൽ കസ്റ്റഡിയിലെടുത്തു. അതൊഴിവാക്കാൻ അവർ ആവശ്യപ്പെട്ട പ്രകാരം ആദ്യം 15 ലക്ഷം രൂപയും പിന്നീട് ഭാര്യയുടെ പേരിലുള്ള അഞ്ച് ലക്ഷം രൂപയും കൈമാറി. പിന്നീട് ബാങ്ക് മാനേജർ ഇടപാടിൽ സംശയം പ്രകടിപ്പിച്ചപ്പോൾ തട്ടിപ്പുസംഘം പറഞ്ഞു പഠിപ്പിച്ചത് പ്രകാരം സ്വകാര്യാവശ്യത്തിന് നൽകിയ തുകയാണെന്നും ഇവർക്ക് പറയേണ്ടി വന്നു. എന്നാൽ പിന്നീട് തുടർച്ചയായി പണം ആവശ്യപ്പെട്ടതിൽ സംശയം തോന്നിയതോടെയാണ് ഇരുവരും 1930 എന്ന സൈബർ നമ്പറിൽ ബന്ധപ്പെട്ടത്.

ഇതേത്തുടർന്നാണ് നിരവധി അക്കൗണ്ട് വഴി കൈമാറ്റം ചെയ്ത പണത്തിൽ 99 ശതമാനവും മരവിപ്പിക്കാൻ പൊലീസിന് കഴിഞ്ഞത്. ഈ തുക നിയമനടപടികൾക്ക് ശേഷം ഇവർക്ക് ലഭ്യമാകും. ഇതോടെ ഇനി ആരും ഇത്തരം തട്ടിപ്പുകളിൽ അകപ്പെടരുതെന്ന ഉദ്ദശത്തോടെയാണ് ഇരുവരും മാദ്ധ്യമങ്ങൾക്ക് മുമ്പിലെത്തിയത്. കഴിഞ്ഞ ജൂൺ വരെ സിറ്റി പൊലീസിന് കീഴിൽ 16 കോടിയോളം രൂപയാണ് തട്ടിപ്പുസംഘം കൈക്കലാക്കിയത്. ഇതിൽ ഒൻപത് ശതമാനം മാത്രമാണ് തിരികെ പിടിച്ചത്.

Advertisement
Advertisement