എണ്ണക്കുരു ഉത്പാദനം കൂട്ടാൻ കേന്ദ്ര പദ്ധതി

Friday 04 October 2024 1:53 AM IST

ന്യൂഡൽഹി: എണ്ണക്കുരു ഉത്ദപാനം വർദ്ധിപ്പിക്കാനും ഭക്ഷ്യ എണ്ണ ഇറക്കുമതി കുറയ്‌ക്കാനും ലക്ഷ്യമിട്ടുള്ള നാഷണൽ മിഷൻ ഓൺ എഡിബിൾ ഓയിൽസ് -ഓയിൽ സീഡ്സ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഏഴ് വർഷത്തേക്ക് 10,103 കോടി രൂപ അനുവദിച്ചു.

കടുക്, നിലക്കടല, സോയാബീൻ, സൂര്യകാന്തി, എള്ള് എന്നീ പ്രധാന എണ്ണക്കുരുക്കളുടെ ഉത്ദപാനം 69.7 ദശലക്ഷം ടണ്ണായി ഉയർത്തലാണ് ലക്ഷ്യം. 2031ഓടെ ആഭ്യന്തര ഭക്ഷ്യ എണ്ണ ഉത്ദപാനം 25.45 ദശലക്ഷം ടണ്ണാവും. തരിശ് പ്രദേശങ്ങളിൽ എണ്ണക്കുരു കൃഷി പ്രോത്സാഹിപ്പിക്കും. നിലവിൽ ഭക്ഷ്യ എണ്ണകളുടെ 57ശതമാനവും ഇറക്കുമതിയാണ്.

ഏകീകരണത്തിന്

ഒരു ലക്ഷം കോടി

കൃഷി മന്ത്രാലയത്തിന്റെ എല്ലാ കേന്ദ്രാവിഷ്‌കൃത പദ്ധതികളും (സി.എസ്.എസ്) പ്രധാൻ മന്ത്രി രാഷ്ട്രീയ കൃഷി വികാസ് യോജന (പി.എം-ആർ.കെ.വി.വൈ), കൃഷോന്നതി യോജന (കെ.വൈ) എന്നിവയ്‌ക്കു കീഴിൽ ഏകീകരിക്കും. സംസ്ഥാനങ്ങളുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾക്ക് ഒരു ലക്ഷം കോടി രൂപ വകയിരുത്തി.