ഇന്ത്യയിലെ പ്രതിനിധിയെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്
Friday 04 October 2024 7:32 AM IST
ധാക്ക: ഇന്ത്യയിലെ ഹൈക്കമ്മിഷണർ മുസ്താഫിസൂർ റഹ്മാനെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്. ഓസ്‌ട്രേലിയ, ബെൽജിയം, പോർച്ചുഗൽ, ഐക്യരാഷ്ട്രസഭ എന്നിവിടങ്ങളിലെ അംബാസഡർമാരെയും ധാക്കയിലെ വിദേശകാര്യ മന്ത്റാലയം തിരിച്ചുവിളിച്ചു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കാലത്ത് നടന്ന സർക്കാർ നിയമനങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇന്ത്യയുമായി ഏറെക്കാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നയതന്ത്ര ഉദ്യോഗസ്ഥനാണ് റഹ്മാൻ. സംവരണ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവച്ച ഹസീന ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽ അഭയം തേടിയിരുന്നു. പിന്നാലെ, നോബൽ ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരത്തിലേറി.