വീട്ടിലെത്ര ടോയ്‌ലറ്റുകളുണ്ട്? ഓരോന്നിനും ഇനി നികുതി നൽകേണ്ടി വരും; വിജ്ഞാപനമിറക്കി സർക്കാർ

Friday 04 October 2024 10:51 AM IST

ഷിംല: വീടുകളിലുള്ള ടോയ്‌ലറ്റ് സീറ്റിന്റെ എണ്ണത്തിനനുസരിച്ച് നികുതി ചുമത്താനൊരുങ്ങി മലയോര സംസ്ഥാനമായ ഹിമാചൽ പ്രദേശ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സുഖ്വീന്ദർ സിംഗ് സുഖു സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

മലിനജല, ജല ബില്ലുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ഇനി മുതൽ നഗരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വീടുകളിൽ എത്ര ടോയ്‌ലറ്റ് സീറ്റുകളുണ്ടെന്നനുസരിച്ച് ഓരോന്നിനും 25 രൂപ വീതം നികുതി നൽകേണ്ടി വരും. മലിനജന, ജല ബില്ലുകൾക്കൊപ്പം ഈ അധിക തുകയും ജലശക്തി വകുപ്പിന്റെ അക്കൗണ്ടിലേക്കാവും മാറ്റുക.

ജല ബില്ലിന്റെ 30 ശതമാനവും മലിനജല ബില്ലായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. വീട്ടിൽ തന്നെയുള്ള ജല സ്രോതസ് ഉപയോഗിച്ച ശേഷം മലിനജലം സർക്കാരിൽ നിന്നുള്ള മലിനജല കണക്ഷനിലൂടെ നിർമാർജനം ചെയ്യുന്നവർക്കും നികുതി നൽകേണ്ടി വരും. ഇത് സംബന്ധിച്ച് എല്ലാ ഡിവിഷൻ ഓഫീസർമാർക്കും വകുപ്പ് ഉത്തരവ് നൽകി.

സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ സൗജന്യമായി വെള്ളം നൽകുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് സർക്കാരാണ് അധികാരത്തിലെത്തിയത്. പ്രതിമാസം 100 രൂപയാണ് വെള്ളത്തിനായി ഒരു കണക്ഷനിൽ നിന്നും ഈടാക്കുന്നത്. അതിന് പിന്നാലെയാണ് ഒക്‌ടോബർ മുതൽ പുതിയ നികുതി ഏർപ്പെടുത്തിയിരിക്കുന്നത്.