ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവയിലെ നടിക്കെതിരെ സൈബർ കേസ് രജിസ്‌റ്റർ ചെയ്‌തു

Friday 04 October 2024 10:51 AM IST

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരായ പരാമർശത്തിൽ ആലുവ സ്വദേശിനിയായ നടിക്കെതിരെ സൈബർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ‌്തു. ബ്ളാക്ക് മെയിൽ ചെയ്യാനായി സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്.

ബാലചന്ദ്രമേനോനെതിരെ ലൈംഗിക അതിക്രമം ആരോപിച്ച് കഴിഞ്ഞദിവസം നടി പരാതി നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു നടി പരാതിയിൽ ആരോപിച്ചിരുന്നത്. 2007ൽ ആണ് കേസിനാസ്‌പദമായ സംഭവം നടന്നതെന്നാണ് നടി പരാതിയിൽ പറയുന്നത്.

തുടർന്ന് തന്നെ അപകീർത്തി പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സമൂഹ മാദ്ധ്യമങ്ങളിൽ നടി വ്യാപകമായി പ്രചാരണം നടത്തി എന്ന് കാണിച്ചാണ് ബാലചന്ദ്രമേനോൻ കഴിഞ്ഞദിവസം ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടിക്കെതിരെ സൈബർ കേസ് രജിസ്‌റ്റർ ചെയ‌്തിരിക്കുന്നത്.

അഡ്വക്കേറ്റ് സന്ദീപ് എന്നാണ് പരിചയപ്പെടുത്തിയത്. മൂന്ന് ലൈംഗിക പീഡനക്കേസുകള്‍ താങ്കള്‍ക്കെതിരെ വരുന്നു എന്നൊരു മുന്നറിയിപ്പ് നല്‍കി. ആ ഫോണ്‍കോള്‍ അപ്പോള്‍ തന്നെ കട്ട് ചെയ്തു. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ നടി, അതായത് മുകേഷിനും മണിയന്‍പിള്ള രാജുവിനും എതിരെ പരാതി പറഞ്ഞിട്ടുള്ള നടി സമൂഹമാദ്ധ്യമത്തില്‍ തന്‍റെയടക്കം ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് കമിംഗ് സൂണ്‍ എന്ന് പറഞ്ഞ് ലൈംഗിക ആരോപണങ്ങള്‍ സൂചിപ്പിക്കുന്ന ചില പോസ്റ്റുകളിട്ടുവെന്നും ബാലചന്ദ്രമേനോന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

ജയസൂര്യ, ഇടവേള ബാബു എന്നിവർ ഉൾപ്പടെ ഏഴുപേർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചതും ഇതേ നടി തന്നെയാണ്.