''ഈ ധൈര്യവും പ്രാപ്‌തിയും എത്രപേർക്കുണ്ട്, നവ്യയെ സമ്മതിക്കണം''
നടിയും നർത്തകിയുമായ നവ്യാ നായരെ പ്രശംസിച്ച് എഴുത്തുകാരി കെ.ആർ മീര. നവ്യയുടെ മാതംഗി നൃത്തവിദ്യാലയവും എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്നു നടത്തുന്ന മാതംഗി ഫെസ്റ്റിവലിനെ കുറിച്ചായിരുന്നു മീരയുടെ പ്രശംസ.
''നവ്യയെ സമ്മതിക്കണം. ഇങ്ങനെ ഒരു പാരമ്പര്യ നൃത്ത ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ എത്ര മലയാളി നർത്തകിമാർക്കുണ്ട്, ധൈര്യവും പ്രാപ്തിയും ? സൂര്യ ഫെസ്റ്റിവൽ പോലെ രാജ്യത്തെ ശ്രദ്ധേയ ഫെസ്റ്റിവൽ ആകട്ടെ, മാതംഗിയും.''- മീര കുറിച്ചു.
എഴുത്തിന്റെ പൂർണരൂപം-
''ഏറെ കാലമായി, നവ്യ നായരുടെ നൃത്തം നേരിൽകാണാൻ ആഗ്രഹിക്കുന്നു.
ഇന്നലെയാണ് അവസരം ഒത്തുവന്നത്.
നവ്യയുടെ മാതംഗി എന്ന നൃത്തവിദ്യാലയവും എറണാകുളം ഫൈൻ ആർട്സ് സൊസൈറ്റിയും ചേർന്നു നടത്തുന്ന മാതംഗി ഫെസ്റ്റിവൽ 2024 ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ.
ഭരതനാട്യം ജ്യോമെട്രിക്കൽ ചലനങ്ങൾ കൊണ്ടു തീർക്കുന്ന വാസ്തുശില്പമാണ് എന്നു പ്രശസ്ത നർത്തകി സോനാൽ മാൻസിങ് പറഞ്ഞത് ഓർമിപ്പിച്ചു, നവ്യയുടെ നൃത്തം.
അഞ്ചു ദിവസത്തെ ഫെസ്റ്റിവൽ ആണ് ഇന്നലെ ആരംഭിച്ചത്. അഞ്ചു പ്രശസ്ത നർത്തകർ പങ്കെടുക്കുന്നു.
ഇന്നു മേതിൽ ദേവിക ആയിരുന്നു.
നാളെ അതിപ്രശസ്തനായ പാർഷ്വനാഥ് ഉപാധ്യെ.
നാലാം ദിവസം സുജാത മൊഹപാത്ര.
അവസാന ദിവസം സാക്ഷാൽ പ്രിയദർശിനി ഗോവിന്ദ്. പ്രിയദർശിനി ഗോവിന്ദിന്റെ നൃത്തം ഒരിക്കലേ കണ്ടിട്ടുള്ളൂ. വർഷങ്ങൾ കഴിഞ്ഞിട്ടും കണ്ണിൽനിന്നു മായുന്നില്ല.
നവ്യയെ സമ്മതിക്കണം. ഇങ്ങനെ ഒരു പാരമ്പര്യ നൃത്ത ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ എത്ര മലയാളി നർത്തകിമാർക്കുണ്ട്, ധൈര്യവും പ്രാപ്തിയും ? സൂര്യ ഫെസ്റ്റിവൽ പോലെ രാജ്യത്തെ ശ്രദ്ധേയ ഫെസ്റ്റിവൽ ആകട്ടെ, മാതംഗിയും''.