ഹോട്ടൽ വെയിറ്ററുടെ ജോലിക്ക് ക്യൂ നിൽക്കുന്ന ആയിരത്തോളം ഇന്ത്യൻ യുവാക്കൾ; കാനഡയിൽ നിന്നുള്ള വീഡിയോ

Friday 04 October 2024 4:23 PM IST

ഇന്ത്യയിൽ നിന്നും കൂടുതൽ യുവാക്കളും ജോലി തേടി പോകുന്ന രാജ്യമാണ് കാനഡ. അവിടെ നിന്നും പുറത്തുവരുന്ന ഇന്ത്യക്കാരുടെ വീഡിയോ പലപ്പോഴും വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഒരു റെസ്റ്റോറന്റിൽ വെയിറ്ററായി ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് വന്നവരുടെ ക്യൂ ആണ് വീഡിയോയിൽ കാണുന്നത്. ആയിരക്കണക്കിന് യുവാക്കളാണ് ക്യൂവിൽ നിൽക്കുന്നത്. വെയിലിനെ പോലും വകവയ്‌ക്കാതെ ജോലിക്കായി നിൽക്കുന്ന യുവാക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. MeghUpdates എന്ന എക്‌സ് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

'ബ്രാംപ്‌ടണിൽ തുറക്കുന്ന പുതിയ റെസ്റ്റോറന്റിന്റെ പരസ്യം കണ്ടെത്തിയ 3000 വിദ്യാർത്ഥികളാണ്. കാനഡയിൽ വെയിറ്ററുടെയും പരിചാരകരുടെയും ജോലിക്കായി വരി നിൽക്കുന്നവരുടെ ഭയാനകമായ ദൃശ്യങ്ങളാണിത്. അവിടെ തൊഴിൽ ക്ഷാമമാണോ? ഇന്ത്യയിൽ നിന്നും ലക്ഷങ്ങൾ ചെലവിട്ട് വലിയ സ്വപ്‌നങ്ങളുമായി കാനഡയിലേക്ക് പോകുന്ന യുവാക്കൾ ഗൗരവമായ ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ് ' - ഇതായിരുന്നു വീഡിയോയുടെ തലക്കെട്ട്.

'എല്ലാവരുടെ ജോലി അന്വേഷിച്ച് നടക്കുകയാണ്. ആർക്കും ജോലി ലഭിക്കുന്നില്ല. എന്റെ പല സുഹൃത്തുക്കൾക്കും ഇപ്പോൾ ജോലിയില്ല. അവർ മൂന്ന് വർഷമായി ഇവിടെയുണ്ട് ', 'കാനഡയിൽ എന്ത് ജോലിയും ചെയ്യും, ഇന്ത്യയിൽ അതേ ജോലി ചെയ്യാൻ നാണക്കേടാണ് ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.