പൈലറ്റില്ലാത്ത വിമാനത്തിൽ യാത്രചെയ്യാൻ ധൈര്യമുണ്ടോ? എഐ വിദ്യയിൽ ഇനി ആകാശയാത്രയും

Friday 04 October 2024 5:06 PM IST

വിമാനം പറപ്പിക്കാൻ ഒരു പൈലറ്റ് കൂടിയേ തീരൂ. അതല്ലാത്ത ഒരു വിമാനയാത്ര നമ്മുടെ വിദൂരസ്വപ്‌നങ്ങളിൽ പോലുമുണ്ടാകില്ല. എന്നാൽ ഇനിയത് സ്വപ്‌നമൊന്നുമല്ല യാഥാർത്ഥ്യമാകാൻ പോകുകയാണ്. എയറോസ്‌പേസ് ഭീമന്മാരായ എം‌ബ്രാർ അത്തരം വിമാനം രംഗത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടന്ന നാഷണൽ ബിസിനസ് ഏവിയേഷൻ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഈ വിമാനത്തെ കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിച്ചു.

ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഈ വിമാനത്തിൽ മൂന്ന് സോണുകളായാണ് ക്യാബിൻ. ഒന്നിൽ വിശ്രമമുറിയുണ്ടാകും. ‌യാത്രക്കാരന് കോക്‌പിറ്റിൽ ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ടച്ച്‌സ്‌ക്രീൻ സൗകര്യമുള്ള ജനാലകളുണ്ടാകും വിമാനം പറപ്പിക്കാൻ നിർമ്മിത ബുദ്ധിയും. കോക്ക്‌പിറ്റിന്റെ ആവശ്യകത ഇല്ലാതാക്കുകയും മുന്നിൽ ഒരു വിശ്രമമുറി സജ്ജമാക്കുകയും ചെയ്യുന്ന പുതിയ സജ്ജീകരണവും ഒപ്പം പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന വിമാനവുമാണ് അവതരിപ്പിക്കുന്നതെന്ന് എംബ്രാർ കമ്പനി അറിയിക്കുന്നു.

എന്നാൽ വിമാനം ഇതിനകം നിർമ്മാണം തുടങ്ങിയിട്ടില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. ഭാവിയെ സംബന്ധിച്ച ആശയം മാത്രമാണ് പങ്കുവച്ചത്. എംബ്രാറിന്റെ അതേ പദ്ധതികൾ പ്രാവർത്തികമാക്കാൻ മറ്റ് ഏവിയേഷൻ കമ്പനികളും ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.