അമേരിക്കയ്ക്ക് പോലുമില്ലാത്ത ട്രെയിന്‍ ഇറക്കാന്‍ റെയില്‍വേ; സ്വന്തമാക്കുന്ന അഞ്ചാമത്തെ രാജ്യമാകാന്‍ ഇന്ത്യ

Friday 04 October 2024 7:49 PM IST

ന്യൂഡല്‍ഹി: ചൈന, ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍ ഈ പട്ടികയിലേക്ക് പേര് ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയും. പറഞ്ഞുവരുന്നത് യൂറോപ്പിലും ചൈനയിലും വിപ്ലവം സൃഷ്ടിച്ച ഹൈഡ്രജന്‍ ട്രെയിനുകളെ കുറിച്ചാണ്. ഇന്ത്യയില്‍ ഈ വര്‍ഷം തന്നെ സര്‍വീസ് ആരംഭിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. നോര്‍ത്തേണ്‍ റെയില്‍വേ സോണിന് കീഴിലുള്ള ഹരിയാനയിലെ ജിന്ദ് - സോനിപത് പാതയിലൂടെയാകും പരീക്ഷണയോട്ടവും കന്നി സര്‍വീസും.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രോട്ടോടൈപ്പ് ട്രെയിനിന്റെ സംയോജനം നടക്കുന്നുണ്ടെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഹൈഡ്രജന്‍ ഫോര്‍ ഹെറിറ്റേജ് എന്ന പേരിലുള്ള പദ്ധതിക്കായി 2,800 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്. യൂറോപ്യന്‍ സൗകര്യങ്ങളിലേക്ക് ഇന്ത്യന്‍ റെയില്‍വേയെ മാറ്റിയെടുക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് റെയില്‍വേ മന്ത്രി തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നു.

ഒരു ട്രെയിനിന് 80 കോടി എന്ന നിരക്കില്‍ 35 ഹൈഡ്രജന്‍ ട്രെയിനുകള്‍ വാങ്ങാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. പരീക്ഷണ ഓട്ടവും തുടര്‍ന്നുള്ള സര്‍വീസും വിജയകരമാണെങ്കില്‍ ഘട്ടം ഘട്ടമായി ഇത്തരം ട്രെയിനുകള്‍ വ്യാപകമാക്കുന്നതിനാണ് ആലോചന. വായുമലിനീകരണം കുറയുകയും ഒപ്പം പരിസ്ഥിതി സൗഹാര്‍ദമാണെന്നതുമാണ് ഈ ട്രെയിനുകളുടെ ഏറ്റവും വലിയ സവിശേഷത.

ഹൈഡ്രജന്‍ ഇന്ധനമായി വരുന്ന ട്രെയിനുകള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡും നൈട്രജനും പുറംതള്ളുകയില്ല. ഈ ട്രെയിനില്‍ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ സ്ഥാപിക്കും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ രാസപ്രവര്‍ത്തനത്തിലൂടെ ഹൈഡ്രജനും ഓക്‌സിജനും പരിവര്‍ത്തനം ചെയ്തുകൊണ്ട് വൈദ്യുതോര്‍ജ്ജം ഉത്പാദിപ്പിച്ചാകും ട്രെയിന്‍ ഓടുക.