റിട്ട. എസ്.പിയുടെ പണം തട്ടിയ സംഭവം: പൊലീസ് അന്വേഷിക്കുന്നില്ലെന്ന് പരാതി

Saturday 05 October 2024 1:59 AM IST

കൊല്ലം: ദേശീയപാത നിർമ്മാണ കമ്പനികൾക്ക് നിർമ്മാണ സാമഗ്രികൾ കൈമാറുന്ന കമ്പനിയെന്ന പേരിൽ റിട്ട. എസ്.പി, അദ്ദേഹത്തിന്റെ ബന്ധു എന്നിവരിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയ സംഭവം പൊലീസ് അന്വേഷിക്കുന്നില്ലെന്ന് പരാതി. റിട്ട എസ്.പി ശ്യാമപ്രസാദ് അദ്ദേഹത്തിന്റെ പരേതനായ മകൻ എന്നിവരിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് അന്വേഷണം നടത്താതെ പൊലീസ് അടയിരിക്കുന്നത്.

ഇപ്പോൾ കോയമ്പത്തൂരിൽ താമസിക്കുന്ന എറണാകുളം സ്വദേശികളായ മൂന്നുപേർക്കെതിരെയാണ് പരാതി. നിർമ്മാണ സാമഗ്രികൾ കൈമാറാനുള്ള കരാർ തങ്ങൾക്ക് ലഭിച്ചെന്നും അതിനുള്ള മൂലധനമെന്ന പേരിൽ ഇല്ലാത്ത കമ്പനിയുടെ പേരിൽ പണം സമാഹരിക്കുകയുമായിരുന്നു. വൻതുക ലാഭവിഹിതം വാഗ്ദാനം ചെയ്താണ് പണം ശേഖരിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികരണമില്ലാഞ്ഞതോടെ പണം നൽകിയവർ നടത്തിയ അന്വേഷണത്തിലാണ് കമ്പനി വ്യാജമാണെന്ന് മനസിലായത്.

പണം കൈപ്പറ്റിയവരെ പല തവണ വിളിച്ചിട്ടും പ്രതികരണവുമില്ല. തട്ടിപ്പുകാർക്കെതിരെ ശ്യാമപ്രസാദ് ആഗസ്റ്റ് 4ന് കൊല്ലം എ.സി.പിക്ക് പരാതി നൽകിയിരുന്നു. പരാതി അന്വേഷണത്തിനായി ശക്തികുളങ്ങര പൊലീസിന് കൈമാറി. ശക്തികുളങ്ങരയിലെ എസ്.ഐയെ അന്വേഷണ ഉദ്യോഗസ്ഥനായും നിശ്ചയിച്ചു.

പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം ബോധപൂർവം വൈകിപ്പിച്ച് തട്ടിപ്പുകാർക്ക് രക്ഷപ്പെടാനും പണം കൈമാറ്റം നടത്താനുള്ള അവസരവും ഒരുക്കുന്നുവെന്നാണ് പരാതി. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് ശ്യാമപ്രസാദ് നൽകിയ പരാതിയിൽ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.