ജനൽ പൊളിച്ച് പള്ളിയിൽ മോഷണം: മോഷ്ടാവിനെ അതിവേഗം പിടികൂടി പൊലീസ്
കാളികാവ്: ജനൽ പൊളിച്ച് പള്ളിയിൽ മോഷണം നടത്തിയ പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്ത് കാളികാവ് പൊലീസ്. കാളികാവ് വെന്തോടൻപടി മസ്ജിദിൽ വ്യാഴാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. അസാം നഗാവു സ്വദേശി മൻജിൽ ഇസ്ലാം (27) ആണ് പിടിയിലായത്. പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. രണ്ടായിരത്തോളം രൂപയാണ് മോഷണം പോയത്. നഷ്ടപ്പെട്ട തുക പ്രതിയിൽ നിന്ന് കണ്ടെടുത്തു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഗ്ലാസ്സിട്ട ചെറിയ ഒരു ജനൽ പൊളിച്ചാണ് മോഷ്ടാവ് മോഷ്ടാവ് അകത്തുകയറിയത്. സാഹസികമായേ ഇത്തരത്തിൽ അകത്ത് കടക്കാനാകു. പിടിയിലായ മോഷ്ടാവ് അകത്ത് കടന്ന രംഗം പൊലീസിന് കാണിച്ച് കൊടുത്തു. രാത്രി ഒമ്പതിന് പള്ളി പൂട്ടിപ്പോയ ശേഷമാണ് മോഷണം നടന്നത്.രാവിലെ പ്രഭാത നമസ്‌കാരത്തിനെത്തിയ ഇമാമാണ് മോഷണം നടന്നതായി കണ്ടത്. ഉടനെ കാളികാവ് പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ വി.ശശിധരന്റെ നേതൃത്വത്തിൽ ഉടൻ പൊലീസ് പള്ളിയിലെത്തി.ശേഷം ഒരു മണിക്കൂറിനുള്ളിലാണ് മോഷ്ടാവിനെ വലയിലാക്കിയത്. വ്യാഴാഴ്ച രാത്രി ഇതേ പൊലീസ് സംഘം പട്രോളിംഗിനിടെ സംശയാസ്പദമായി കണ്ട ഒരാളെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അസാമിൽ നിന്ന് വരുന്നെന്നും ഷൊർണൂരിൽ ട്രെയിനിറങ്ങി വരികയാണെന്നും പൂങ്ങോടുള്ള കോഴിഫാമിൽ ജോലി ചെയ്യുന്നയാളാണെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അയാളെ വിട്ടയച്ചത്. എന്നാൽ മോഷണം നടന്നതറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് രാത്രി വിട്ടയച്ചയാളെ സംശയമുണ്ടായി. തുടർന് പ്രദേശത്തെ പത്തോളം കോഴി ഫാമുകളിൽ പരിശോധന നടത്തി.എവിടെയും ഇങ്ങനെ ഒരാൾ എത്തിയിട്ടില്ല.പിന്നീടുള്ള അന്വേഷണം ഇയാളെ തേടിയായി.പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കാളികാവ് പുറ്റമണ്ണയിലെ ഒരു കടവരാന്തയിൽ ആൾക്കൂട്ടത്തിൽ ഇയാൾ നിൽക്കുന്നതായി പൊലീസിന്റെ ശ്രദ്ധയിൽ പെട്ടു .തുടർന്നു ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടാവ് കുറ്റം സമ്മതിച്ചത്. പ്രദേശത്തെ മറ്റു ഒട്ടേറെ പള്ളികളിൽ നേരത്തെ മോഷണം നടന്നിട്ടുണ്ട്. ഇതിലൊന്നും ഇയാൾക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. കാളികാവ് സി ഐ . വി അനീഷിന്റെ നിർദ്ദേശപ്രകാരം എസ്.ഐമാരായ വി. ശശിധരൻ, ഇല്ലിക്കൽ അൻവർ സാദത്ത്, എസ്.സി.പി.ഒ ക്ലിന്റ് ജേക്കബ്, സി.പി.ഒമാരായ വി. ബാബു, എം.കെ. മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.മോഷ്ടാവിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.