എസ്.സി./എസ്.ടി ഉപസംവരണം: വിധി പുനഃപരിശോധിക്കില്ല

Saturday 05 October 2024 4:09 AM IST

ന്യൂഡൽഹി :എസ്.സി/എസ്.ടിയിലെ ഉപവിഭാഗങ്ങൾക്കും സംവരണം അനുവദിച്ചുക്കൊണ്ട് ആഗസ്റ്റ് ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രവിധി പുനഃപരിശോധിക്കില്ല. വിധിയിൽ പിഴവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ഭരണഘടനാ ബെ‌ഞ്ച് നിലപാടെടുത്തു. തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഒരുകൂട്ടം പുനഃപരിശോധനാ ഹർജികൾ ജഡ്‌ജിമാ‌ർ ചേംബറിൽ പരിഗണിച്ചു തള്ളി.

ആഗസ്റ്റ് ഒന്നിലെ വിധിയിൽ, ഏഴംഗ ബെഞ്ചിലെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, വിക്രംനാഥ്, പങ്കജ് മിത്തൽ, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ ഉപവിഭാഗങ്ങൾക്ക് സംവരണം വേണമെന്ന് നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ബേല എം. ത്രിവേദി മാത്രം വിയോജിച്ചിരുന്നു. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ജഡ്‌ജിമാർ. പട്ടികവിഭാഗത്തിലെ ഉപവിഭാഗങ്ങളെ സംവരണപട്ടികയിലുൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയിരുന്നു. അത്യന്തം പിന്നാക്കാവസ്ഥയിലുള്ളവർക്ക് മുൻഗണന നൽകേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഓർ‌മ്മിപ്പിച്ചു.

ഉപവിഭാഗങ്ങൾക്ക് സംവരണം അനുവദിക്കണമെന്ന് വിധി എഴുതിയ ആറുപേരിൽ നാലുപേർ എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ക്രീമിലെയർ ബാധകമാക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. അങ്ങനെ മാത്രമേ ഭരണഘടന വിഭാവനം ചെയ്യുന്ന യഥാർത്ഥ സമത്വം നേടാൻ കഴിയുകയുള്ളുവെന്ന് പട്ടികജാതിക്കാരനായ ജഡ്‌ജി ബി.ആർ. ഗവായ് നിരീക്ഷിച്ചു. വലിയ പ്രതിഷേധം ഉയ‌ർന്ന ജഡ്‌ജിമാരുടെ ഈ നിലപാടിനെയും പുനഃപരിശോധനാഹർജികളിൽ ചോദ്യംചെയ്‌തിരുന്നു. ഒ.ബി.സി സംവരണവുമായി ബന്ധപ്പെട്ട ഇന്ദിരാ സാഹ്നി വിധിയെ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ ഉപവിഭാഗങ്ങളുടെ വിഷയവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചത് പിശകാണെന്നും പട്ടികവിഭാഗത്തിലെ ഉപവിഭാഗങ്ങളെ സംവരണപട്ടികയിലുൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്കല്ല, രാഷ്ട്രപതിക്കും പാർലമെന്റിനുമാണ് അധികാരമെന്നും പുനഃപരിശോധനാഹർജിയിൽ പറഞ്ഞിരുന്നു.