'എടുത്തു ചാടി' പ്രതിഷേധം ഡെപ്യൂട്ടി സ്പീക്കർവലയിൽ
മുംബയ്: പ്രതിഷേധത്തിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് ചാടി മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി (അജിത് വിഭാഗം) നേതാവുമായ നർഹരി സിർവാൾ. ഇയാൾക്കൊപ്പം എം.പിയും മൂന്ന് എം.എൽ.എമാരും ചാടി. സംവരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിക്കുന്നതിനിടെ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയിൽ നിന്നാണ് ചാടിയത്. ചാടിയത്. സുരക്ഷയ്ക്കായി 2018ൽ കെട്ടിയിരുന്ന വലയിലേക്കാണ് വീണത്. അതിനാൽ അപകടമുണ്ടായില്ല. ചാട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലയിലേക്ക് വീണ ഇവർ തിരികെ കയറുന്നതും വീഡിയോയിൽ കാണാം. ബി.ജെ.പി എം.പി ഹേമന്ദ് സവ്ര, എം.എൽ.എമാരായ കിരൺ ലഹാമതെ, കിരാമൻ ഖോസ്‌കർ, രാജേഷ് പാട്ടീൽ എന്നിവരാണ് ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ചാടിയത്. ധനഗർ സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ എതിർത്താണ് പ്രതിഷേധിച്ചത്.