പൊളിച്ചുനീക്കൽ നിയമവിരുദ്ധമെങ്കിൽ ഇടപെടുമെന്ന് സുപ്രീംകോടതി

Saturday 05 October 2024 1:20 AM IST

ന്യൂഡൽഹി : ഗുജറാത്തിൽ ന്യൂനപക്ഷ സമുദായത്തിന്റെ ആരാധനാലയങ്ങളും വീടുകളും നിയമവിരുദ്ധമായി പൊളിച്ചുനീക്കാനുള്ള നീക്കം തടയണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇന്നലെ ഇടപെട്ടില്ല. ഗിർ സോംനാഥ് ജില്ലയിലെ ഒഴിപ്പിക്കൽ നടപടികൾ സ്റ്റേ ചെയ്യാൻ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. അതേസമയം, പൊളിച്ചുനീക്കൽ നിയമവിരുദ്ധമാണെന്ന് ബോദ്ധ്യപ്പെട്ടാൽ ഇടപെടും. കുടുംബാംഗത്തിന് കുറ്രകൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അവരുടെ വീടുകൾക്ക് നേരെ ബുൾഡോസർ പ്രയോഗിക്കരുതെന്ന് ഇതേ ബെഞ്ച് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ ലംഘനമുണ്ടായെന്ന് തെളിഞ്ഞാൽ, പൊളിച്ചുനീക്കുന്ന കെട്ടിടങ്ങൾ പുനർനി‌ർമ്മിച്ചു നൽകാൻ ഗുജറാത്ത് സർക്കാരിനോട് ഉത്തരവിടുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഗുജറാത്ത് സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. വിഷയം ഒക്ടോബർ 16ന് വീണ്ടും പരിഗണിക്കും. അഞ്ച് ദർഗകളും 25 പള്ളികളും ഉൾപ്പെടെ പൊളിച്ചു നീക്കാനാണ് ശ്രമമെന്ന് ഹർജിക്കാ‌ർ ചൂണ്ടിക്കാട്ടി. പൊതു ജലാശയത്തിന് അടുത്തുള്ള കെട്ടിടങ്ങളാണ് പൊളിക്കാൻ പോകുന്നതെന്ന് ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. തത്‌സ്ഥിതിക്ക് ഉത്തരവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി നിരസിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

ബുൾഡോസർ രാജിൽ വിശദമായ ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. അധികാര ദുർവിനിയോഗം അവസാനിപ്പിക്കാൻ മാർഗരേഖയിറക്കും. സമുദായ വ്യത്യാസമില്ലാതെ, രാജ്യത്തെ എല്ലാവ‌ർക്കും ഒരുപോലെ ബാധകമായ നിർദ്ദേശങ്ങളാകും ഇറക്കുകയെന്നും പറഞ്ഞിരുന്നു. അതേസമയം,പൊതുയിടങ്ങളിലെ കയ്യേറ്റങ്ങളും അനധികൃത നിർമ്മാണങ്ങളും സംരക്ഷിക്കില്ലെന്നും കൂട്ടിച്ചേർത്തിരുന്നു.