പശ്ചിമേഷ്യയിൽ നിന്ന് തത്കാലം ഇന്ത്യക്കാരെ ഒഴിപ്പിക്കില്ല

Saturday 05 October 2024 1:46 AM IST

ന്യൂഡൽഹി: സംഘർഷം രൂക്ഷമായ പശ്‌ചിമേഷ്യയിൽ നിന്ന് കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ തത്‌കാലം ഇന്ത്യക്കാരെ ഒഴിപ്പിക്കില്ല. ഇറാൻ, ഇസ്രയേൽ അടക്കം രാജ്യങ്ങളിൽ നിന്ന് നിലവിൽ വിമാന സർവീസുകളുള്ളതിനാലാണിതെന്ന് വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ അറിയിച്ചു. രാജ്യം വിടണമെന്നുള്ളവർക്ക് വിമാന സർവീസുകൾ ഉപയോഗപ്പെടുത്താനാകും. ചില കുടുംബങ്ങൾ എംബസിയെ ബന്ധപ്പെട്ടതായും ജയ്‌സ്വാൾ പറഞ്ഞു.

യുദ്ധം രൂക്ഷമായ ലെബനണിൽ 3000ത്തോളം ഇന്ത്യക്കാരുണ്ട്. കൂടുതൽ പേരും വ‌ടക്കൻ ബെയ്‌റൂട്ടിലാണ്. അവിടെ കാര്യമായ പ്രശ്‌നങ്ങളില്ല. ഇറാനിൽ 5000 വിദ്യാർത്ഥികൾ അടക്കം 10,000 ആളുകളുണ്ട്. ഇസ്രായേലിൽ 30,000 ആളുകളുണ്ട്. കെയർടെയ്‌ക്കർമാരായി ജോലി ചെയ്യുന്നവരാണ് കൂടുതലും.