പരസ്യമായി ന്യായീകരണം, പാർട്ടിക്കകത്ത് മുറുമുറുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പൂർണമായി ന്യായീകരിച്ചാണ് ഇന്നലെ ചേർന്ന സംസ്ഥാന സമിതി യോഗത്തിന്റെ തീരുമാനങ്ങൾ സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞതെങ്കിലും, പൊതുവെ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് സൂചനകൾ. പൂരം അലങ്കോലമായതിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് വീഴ്ചയുണ്ടായെന്നും, പി.ആർ വിവാദത്തിലെ മുഖ്യമന്ത്രിയുടെ വിശദീകരണം വിശ്വസനീയമായി തോന്നുന്നില്ലെന്നും സംസ്ഥാന സമിതിയിൽ ചിലർ തുറന്നു പറഞ്ഞെന്നാണ് വിവരം. മുഖ്യമന്ത്രിയെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ന്യായീകരിച്ചെങ്കിലും എ.ഡി.ജി.പിയുടെ കാര്യത്തിൽ വീഴ്ചയുണ്ടായെന്നും, റിപ്പോർട്ട് വന്നാലുടൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുവെന്നും അറിയുന്നു. പൂരം അലങ്കോലമാക്കാൻ നീക്കം നടന്നുവെന്നു പറഞ്ഞപ്പോഴും അജിത്കുമാറിനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.
ദ ഹിന്ദുവിനു നൽകിയ അഭിമുഖത്തെ തുടർന്നുണ്ടായ പി.ആർ വിവാദത്തിലും, അജിത്കുമാറിനോടുള്ള സമീപനത്തിലും പാർട്ടിയിലും മുന്നണിയിലും പൊതുവെ പിന്തുണ ലഭിക്കാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ പലതിനും കൃത്യമായമറുപടി നൽകാൻ പിണറായിക്കു കഴിഞ്ഞില്ലെന്ന വിലയിരുത്തൽ പാർട്ടിയിലെ പല നേതാക്കളും സ്വകാര്യ സംഭാഷണങ്ങളിൽ പ്രകടിപ്പിക്കുന്നുണ്ട്.
പി.ആർ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്‌ക്കാൻ മന്ത്രിസഭയിലേയോ പാർട്ടിയിലേയോ മുന്നണിയിലേയോ അധികം പേരെത്തിയിരുന്നുമില്ല. പി.എ. മുഹമ്മദ് റിയാസ് ,വി.ശിവൻകുട്ടി ഉൾപ്പെടെ ഏതാനും മന്ത്രിമാരാണ് വിവാദത്തിൽ പ്രതികരിച്ചത്. പാർട്ടിയിൽ നിന്നുള്ള പ്രതികരണങ്ങൾ ദുർബലമായിരുന്നു. ഘടകകക്ഷികളിൽ നിന്ന് പിന്തുണ ലഭിച്ചതുമില്ല.
വാർത്താ സമ്മേളനങ്ങൾ അപൂർവമാണെങ്കിലും ക്ളാരിറ്റിയോടെ സംസാരിക്കുന്ന നേതാവായിട്ടാണ് പിണറായി വിലയിരുത്തപ്പെട്ടിരുന്നത്. പക്ഷേ ഈ അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹം ചിരിയിലൊതുക്കിയ ഉത്തരങ്ങൾ വലിയ സംശയങ്ങൾക്ക് ഇടയാക്കി. ഓഫീസിലെ മീഡിയാ വിഭാഗവും, പബ്ളിക് റിലേഷൻസ് വകുപ്പും ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ നിലവിലിരിക്കെ അഭിമുഖത്തിനു പി.ആ ഏജൻസിയുടെ സഹായം തേടിയതിന് നാലുപേർ കേട്ടാൽ നിരക്കുന്ന മറുപടി നൽകാൻ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ലെന്നാണ്
വിലയിരുത്തൽ.
ക്ളീൻചിറ്റും വിവാദത്തിൽ
നവ കേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് ക്ളീൻ ചിറ്റ് നൽകിയ നടപടി അപഹാസ്യമാണെന്നാന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. കേരളം മുഴുവൻ ചാനലുകളിൽ കണ്ട സംഭവത്തിനു തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദമാണ് റിപ്പോർട്ടിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി അജയ്യനായിരുന്ന മുഖ്യമന്ത്രിക്കെതിരെ പാർട്ടിയിൽ നിന്ന് ചില നീക്കങ്ങൾ വളരുന്നുണ്ട്. ഇതു മുൻകൂട്ടിക്കണ്ടാണത്രെ മൂന്നാമതൊരു തവണകൂടി മത്സരിക്കുമോയെന്ന ദ ഹിന്ദു ലേഖികയുടെ ചോദ്യത്തിനു അതൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന ഒഴുക്കൻ മറുപടി മുഖ്യമന്ത്രി നൽകിയത്. നവ കേരള ബസ് യാത്രയ്ക്കിടെ കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ മൂന്നാം ടേമിലും വരണമെന്ന് ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനു 'അതൊക്കെ അതിമോഹമാണെന്നായിരുന്നു" അന്ന് പിണറായി മറുപടി നൽകിയത്.
പ്രതികരണത്തിനും സി.പി.എം നയരേഖ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന ആക്ഷേപങ്ങളിലും സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങളിലും എങ്ങനെ പ്രതികരിക്കണമെന്നു നിർദേശിച്ചുകൊണ്ടുള്ള നയരേഖയ്ക്കു സി.പി.എം സംസ്ഥാന സമിതി അംഗീകാരം നൽകി.
പി.വി.അൻവർ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ ആരോപണങ്ങൾക്കും പ്രത്യേകിച്ചു മലപ്പുറം ജില്ലയെ എടുത്തുകാട്ടി മതപരമായി നടത്തുന്ന പരാമർശങ്ങൾക്കും രേഖയിൽ മറുപടിയുണ്ട്. മതവികാരം ഇളക്കിവിട്ടു ന്യൂനപക്ഷങ്ങളെ പാർട്ടിക്കെതിരാക്കാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ഇതിനു പിന്നിൽ അൻവർ മാത്രമല്ല ചില മതസംഘടനകളും ഉണ്ട്. ഗൗരവമായി ഈ വിഷയത്തെ കാണണമെന്നും ഒരു കൂട്ടം മാദ്ധ്യമങ്ങളും ഇക്കൂട്ടർക്കു പിന്നിലുണ്ടെന്നും രേഖയിൽ വ്യക്തമാക്കുന്നു.
പാർട്ടി സംസ്ഥാന സമിതിക്കുശേഷം നടന്ന പത്രസമ്മേളനത്തിൽ പൊലീസിനെയും സർക്കാരിനെയും പൂർണമായും പിന്തുണച്ചുകൊണ്ടും അൻവറിനെ തള്ളിക്കൊണ്ടുമാണ് സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിച്ചത്. ക്രമസമാധാന പ്രശ്നമായി മാറിയ സ്വർണക്കടത്തിൽ പൊലീസിന് ഇടപെടാതിരിക്കാൻ കഴിയില്ല. നിരവധി സ്വർണം പിടിച്ചു. ആ ദൗത്യമാണ് പോലീസ് നിർവഹിച്ചു വന്നത്. ഇതിന് എതിരെയാണ് അൻവർ കുരിശു യുദ്ധം പ്രഖ്യാപിക്കുന്നത്. എ.ഡി.ജി.പി എം. ആർ. അജിത് കുമാറിനെതിരെ ആരോപണം വന്നു. ഒരു മാസം അന്വേഷണത്തിനു സമയം നൽകി. അക്കാര്യത്തിൽ ഫലപ്രദമായി നടപടി സ്വീകരിക്കും. സർക്കാരിന് ആരുടെയും മുഖം നോക്കേണ്ട കാര്യമില്ല. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടിയെടുക്കാൻ കഴിയില്ല. അതു ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ്വഴക്കമാണ്. എന്നാൽ ഏത് ഉന്നത ഉദ്യോഗസ്ഥൻ ആയാലും തെറ്റു കണ്ടെത്തിയാൽ കർക്കശമായ നടപടിയെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.